രാജ്യസഭ എംപി സന്ദീപ് പഥക്കിനെതിരെ അറസ്റ്റ് വാറണ്ട്, എഎപി വിട്ട് ബിജെപിയിൽ എത്തിയവരിൽ പ്രധാനി

ചണ്ഡീഗഢ്: രാജ്യസഭ എംപി സന്ദീപ് പഥക്കിനെതിരെ പഞ്ചാബ് പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. നോൺ-ബെയിലബിൾ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പഞ്ചാബിലെ രണ്ട് വ്യത്യസ്ത ജില്ലകളിലായാണ് ഇവ. ഒരു കേസിൽ അഴിമതി ആരോപണവും മറ്റേ കേസിൽ വനിതാ ചൂഷണ ആരോപണവുമാണ് ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. എഫ്ഐആറുകളുടെയും വിശദമായ ഉള്ളടക്കം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം ഉൾപ്പെടെ ഏഴ് നേതാക്കൾ എ എ പി വിട്ട് ബിജെപിയിൽ ചേര്‍ന്നിരുന്നു.
പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ വിടവ് സൃഷ്ടിച്ച കൂട്ടായ കൂറുമാറ്റ സംഭവവത്തിൽ സന്ദീപ് പഥകിനെ കൂടാതെ രാഘവ് ചഢ, അശോക് മിറ്റൽ, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സാഹ്നി, സ്വാതി മാലിവാൾ എന്നിവരും ഉൾപ്പെടുന്നു. ഇതിൽ ആറ് എംപിമാരും പഞ്ചാബിൽ നിന്നുള്ളവരാണ്.
പഥക്കിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് സൂചിപ്പിച്ചു. പഞ്ചാബ് പൊലീസിന്റെ ഒരു സംഘം ഡൽഹിയിലെ പാണ്ഡര പാർക്കിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. എന്നാൽ, പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ പഥക് വീട്ടിൽ നിന്ന് പുറത്തുപോയിരുന്നതായാണ് വിവരം. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സന്ദീപ് പഥക് പ്രതികരിച്ചു.
ഒരേ നാണയത്തിൽ തിരിച്ചടിക്കാൻ എഎപി
അരവിന്ദ് കേജിരിവാളിന്റെ നേതൃത്വത്തിൽ എഎപി പാർട്ടി തത്ത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംപിമാരുടെ രാജി. ഇതര പാര്‍ടി നേതാക്കളെ ഭീഷണപ്പെടുത്തിയും പ്രലോഭിപ്പിച്ചും മറുകണ്ടം ചാടിക്കുന്ന ബിജെപി കുതന്ത്രത്തിന്റെ അടുത്ത കാലത്തേ ഏറ്റവും വലിയ പ്രയോഗമായിരുന്നു പഞ്ചാബിലേത്.
ഓപ്പറേഷൻ താമര എന്ന് വിശേഷിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ മര്യാദകൾ മറികടന്നുള്ള നീക്കങ്ങളുടെ ഭാഗമായുള്ള കൂറുമാറ്റം ഏപ്രിൽ 24 നായിരുന്നു. തൊട്ട് പിന്നാലെ ഇവരുടെ ലയനം രാജ്യസഭ ചെയർമാൻ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. ഇപ്പോൾ രാജ്യസഭയിലെ എഎപിയുടെ ശക്തി 10 ൽ നിന്ന് മൂന്നായി കുറഞ്ഞു.
പഞ്ചാബിൽ എഎപിയാണ് അധികാരത്തിൽ. സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തിരിക്കയാണ് എം പിമാരുടെ മറുകണ്ടം ചാടൽ ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് എഎപി നേടിയത്. അന്ന് ആർക്കൊക്കെ സ്ഥാനാര്‍ഥി ടിക്കറ്റ് നൽകണമെന്ന് തീരുമാനിച്ചത് ഇപ്പോൾ ബിജെപിയിൽ എത്തിയ ഛദ്ദയും പാഠക്കും ചേർന്നായിരുന്നു.
117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിൽ ഭരണകക്ഷിയായ എഎപിക്ക് 94 എംഎൽഎമാരുടെ വൻ ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷമായ കോൺഗ്രസിന് 16 സീറ്റുകളാണുള്ളത്. ബിജെപിക്ക് സഭയിൽ 2 അംഗങ്ങൾ മാത്രമേ ഉള്ളൂ











0 comments