ഓപ്പറേഷൻ താമരയിലുടെ ഏഴ് എഎപി എംപിമാരെ വിലയ്ക്കെടുത്ത് ബിജെപി

രാഘവ് ഛദ്ദ Image Credit : Wikipedia
ന്യൂഡൽഹി: ജനവിധി അട്ടിമറിക്കാനും പ്രതിപക്ഷ നിരയെ തകർക്കാനും ബിജെപി നടത്തുന്ന 'ഓപ്പറേഷൻ താമര' രാജ്യസഭയിലേക്കും. ആം ആദ്മി പാർടിയുടെ ഏഴ് രാജ്യസഭാ എംപിമാരെ കൂറുമാറ്റിയാണ് ബിജെപി ജനാധിപത്യത്തെ വീണ്ടും കശാപ്പ് ചെയ്തത്. രാഘവ് ഛദ്ദ, സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരാണ് എഎപി വിട്ട് സംഘപരിവാർ പാളയത്തിൽ അഭയം പ്രാപിച്ചത്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഭീഷണികൾക്കും വാഗ്ദാനങ്ങൾക്കും വഴങ്ങിയാണ് ഈ കൂറുമാറ്റമെന്ന് വ്യക്തമാണ്. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എഎപിയിലെ മൂന്നിൽ രണ്ട് എംപിമാരെയും അടർത്തിയെടുത്തതോടെ പാർടിയിൽ വലിയ പ്രതിസന്ധിയാണ് ബിജെപി സൃഷ്ടിച്ചിരിക്കുന്നത്.
പാർടി നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന രാഘവ് ഛദ്ദയാണ് കൂറുമാറ്റത്തിന് ചരടുവലിച്ചത്. താൻ 'ശരിയായ മനുഷ്യനായിരുന്നു' എന്ന് അവകാശപ്പെടുന്ന ഛദ്ദ, 15 വർഷത്തെ രാഷ്ട്രീയ പാരമ്പര്യം പറഞ്ഞാണ് കൂറുമാറ്റത്തെ ന്യായീകരിക്കുന്നത്. എന്നാൽ ആം ആദ്മി പാർടി രൂപീകരിച്ചിട്ട് പോലും 15 വർഷം തികഞ്ഞിട്ടില്ലെന്നിരിക്കെ, ഛദ്ദയുടെ പ്രസ്താവനയിലെ പൊള്ളത്തരം ചർച്ചയാകുകയാണ്. രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനം നഷ്ടപ്പെട്ടതോടെ തുടങ്ങിയ അധികാരമോഹമാണ് ഒടുവിൽ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിൽ കലാശിച്ചത്.
തെരഞ്ഞെടുപ്പിൽ തോൽക്കുന്ന സംസ്ഥാനങ്ങളിലും സഭകളിലും പണമൊഴുക്കി അധികാരം പിടിച്ചെടുക്കുന്ന ബിജെപിയുടെ സ്ഥിരം ശൈലിയാണ് ഇവിടെയും ആവർത്തിക്കുന്നത്. ഡൽഹിയിൽ ബിജെപിക്കേറ്റ രാഷ്ട്രീയ പരാജയത്തിന് പകരം വീട്ടാൻ എംപിമാരെ വിലയ്ക്കെടുത്ത നീക്കം ജനാധിപത്യ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
"സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് എഎപി അകന്നുപോയി" എന്ന രാഘവ് ഛദ്ദയുടെ പ്രസ്താവന, ബിജെപിയുടെ തണലിലിരുന്ന് നടത്തുന്ന വെറും ന്യായീകരണം മാത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുൻപും പല സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ എംഎൽഎമാരെയും എംപിമാരെയും ചാക്കിട്ടുപിടിച്ച ബിജെപി, രാജ്യത്തെ ബഹുകക്ഷി ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കാനുള്ള നീക്കത്തിലാണ്.











0 comments