ലോകം ഉറ്റുനോക്കുന്ന സന്ദർശനം; ബ്രിക്സ് ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കും

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ (Image Courtesy : AFP)
ന്യൂഡൽഹി : അമേരിക്കയുടെ ഉപരോധ ഭീഷണികൾ നിലനിൽക്കെ സെപ്തംബറിൽ ഇന്ത്യയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ എത്തുമെന്നും നിലവിൽ ഇതിന് തടസങ്ങളൊന്നും ഇല്ലെന്നും റഷ്യൻ വിദേശകാര്യ സഹമന്ത്രി റുഡെങ്കോ ആൻഡ്രി യുറേവിച്ച് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് അധ്യക്ഷ രാജ്യമെന്ന നിലയിൽ അംഗരാജ്യങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ റഷ്യ പ്രശംസിച്ചു. ഇറാനും യുഎഇയും ഉൾപ്പെടെ പത്ത് രാജ്യങ്ങളുള്ള കൂട്ടായ്മയാണ് ബ്രിക്സ്. അതിനാൽ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ ആഗോളതലത്തിൽ പൊതുതാല്പര്യങ്ങൾ സംരക്ഷിക്കാൻ ഒത്തൊരുമിച്ച് നീങ്ങുമെന്നും റുഡെങ്കോ പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധം ഇറാനും അയൽരാജ്യങ്ങളും തമ്മിലുള്ള അകലം വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഏപ്രിൽ 1 മുതൽ റഷ്യ പെട്രോൾ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുമായുള്ള നിലവിലെ എണ്ണ കരാറുകൾ പൂർണമായും പാലിക്കുമെന്ന് റഷ്യ ഉറപ്പു നൽകി. "റഷ്യയുടെ പ്രകൃതിവിഭവങ്ങൾക്ക് പരിമിതികളുണ്ട്, എങ്കിലും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും," റുഡെങ്കോ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം എത്രയും വേഗം അവസാനിക്കുന്നത് ലോകസമാധാനത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി മാർച്ചിൽ ഒൻപത് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും റഷ്യയുമായി സഹകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആഗോള തലത്തിൽ ചർച്ചയാകുന്നുണ്ട്.
ശ്രീലങ്കൻ സന്ദർശനത്തിനിടെ കൊളംബോയിലെ പാത്ത് ഫൈൻഡർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിലാണ് റുഡെങ്കോ റഷ്യയുടെ നയം വ്യക്തമാക്കിയത്. ലോകശക്തികളുടെ സമ്മർദങ്ങൾക്ക് വഴങ്ങാതെ പരമാധികാര രാഷ്ട്രങ്ങൾ നടത്തുന്ന ഇത്തരം കൂട്ടായ്മകൾ വരുംകാലത്ത് കൂടുതൽ കരുത്താർജിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മേയ് മാസത്തിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗവും സെപ്തംബരിൽ ബ്രിക്സ് ഉച്ചകോടിയും ഡൽഹിയിൽ നടക്കും.
അമേരിക്കയുടെ ലോക പൊലീസ് എന്ന ഭാവത്തെ ശഷ്യ വെല്ലുവിളിച്ച് ക്യൂബയിലേക്ക് എണ്ണ ഇറക്കുമതി ചെയ്ത പശ്ചാത്തലത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കുന്നത്. അമേരിക്കയുടെ തന്നിഷ്ടത്തിന് വഴങ്ങാത്ത ഒരു പുതിയ രാജ്യാന്തര ക്രമം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ നിലപാടുകളിൽ അടിയുറച്ചു നിൽക്കുന്ന റഷ്യയുടെ നയങ്ങളെന്തെന്നറിയാൻ കാത്തിരിക്കുകയാണ് ലോകരാഷ്ട്രങ്ങൾ.










0 comments