ഉയർന്ന പിഎഫ് പെൻഷൻ
print edition പ്രോ–റേറ്റ രീതി റദ്ദാക്കി പഞ്ചാബ്–ഹരിയാന ഹെെക്കോടതി

കൊച്ചി: ഉയർന്ന പിഎഫ് പെൻഷന്‍ കണക്കാക്കുന്നതില്‍ പ്രോ–റേറ്റാ (ആനുപാതിക വ്യവസ്ഥ) രീതി നടപ്പാക്കാനുള്ള ഇപിഎഫ് ഓര്‍ഗനൈസേഷന്റെ ഉത്തരവ് പഞ്ചാബ്-–ഹരിയാന ഹെെക്കോടതി റദ്ദാക്കി. പിഎഫ് പെൻഷനുമായി ബന്ധപ്പെട്ട് കേരള ഹെെക്കോടതിയിൽമാത്രം 600ലേറെ കേസുകളുണ്ട്. പെൻഷൻകാർക്ക് ഏറെ ആശ്വാസമാകുന്ന വിധിയാണിത്.
1995ലെ എംപ്ലോയീസ് പെൻഷൻ സ്കീമിൽ 2014ൽ കൊണ്ടുവന്ന ഭേദഗതിയിൽ ഉൾക്കൊള്ളിച്ച പ്രോ–റേറ്റ രീതിയാണ് ഇപ്പോൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടുന്നത്. പിഎഫ് പെൻഷന് എങ്ങനെ പ്രോ–റേറ്റ ബാധകമാക്കണമെന്ന് നിർദേശിച്ച് 2024 ഫെബ്രുവരി 14ന് ഇപിഎഫ്ഒ ഇറക്കിയ സർക്കുലറാണ് കോടതി റദ്ദാക്കിയത്. പെൻഷന് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ ഉയർന്ന പരിധി 6,500 രൂപയിൽനിന്ന് 15,000മായി ഉയർത്തുന്നതിനായിരുന്നു ഭേദഗതി.
എന്നാൽ, ഈ പരിധി നോക്കാതെ യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കി വിഹിതം അടച്ചവരുടെ പെൻഷൻ കണക്കാക്കുമ്പോൾ പ്രോ–റേറ്റ രീതി ഉപയോഗിച്ച് 2014നുമുമ്പും ശേഷവുമുള്ള കാലയളവിനെ വേർതിരിച്ചിരുന്നതാണ് റദ്ദാക്കിയത്.
ഇത്തരത്തിൽ വിഭജിക്കാതെ അവസാന 60 മാസത്തെ ശരാശരിപ്രകാരംതന്നെ മുഴുവൻ പെൻഷനും കണക്കാക്കണമെന്നും ശമ്പളത്തിന് ഉയർന്ന പരിധി ഇല്ലെങ്കിൽ പ്രോ–റേറ്റ ഉപയോഗിക്കാനാകില്ലെന്നും ജസ്റ്റിസ് ഹർപ്രീത് സിങ് ബ്രാർ ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ പെൻഷൻ പുനർനിർണയിക്കുമ്പോൾ വരുന്ന കുടിശ്ശികയ്‌ക്ക് എട്ടുശതമാനം നിരക്കിൽ പലിശ നൽകണമെന്നും നിർദേശിച്ചു. പ്രോ–റേറ്റ രീതി അന്യായമാണെന്ന് കഴിഞ്ഞദിവസം ഹിമാചൽ പ്രദേശ് ഹെെ ക്കോടതിയുടെ സിംഗിൾബെഞ്ചും വിധിച്ചിരുന്നു. എന്നാൽ, ഇപിഎഫ്ഒയുടെ അപ്പീലിൽ ഡിവിഷൻബെഞ്ച് ഈ വിധി സ്റ്റേ ചെയ്തിരിക്കുകയാണ്.










0 comments