പുണെയിൽ അതിശക്തമായ മഴ; ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ 4 മരണം

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ നാല് മരണം. മറ്റൊരു അപകടത്തില്‍ രണ്ട് പേരെ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതാവുകയും ചെയ്തു. കനത്ത മഴയെത്തുടർന്ന് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 500-ലധികം ആളുകളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മാവൽ തഹസിലിലെ പതൻ ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടത്. വിസാപൂർ കോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീടിന് മുകളിലേക്ക് മണ്ണും അവശിഷ്ടങ്ങളും പതിക്കുകയായിരുന്നു. നന്ദു തികോണെ, മൗലി തികോണെ, അനിത നന്ദു തികോണെ എന്നിവരാണ് വീടിനുള്ളിൽ കുടുങ്ങി മരിച്ചത്. എൻഡിആർഎഫും പൊലീസും പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
മറ്റൊരു സംഭവത്തിൽ, പിംപ്രി ചിഞ്ച്‌വാഡിലെ നിഗ്ഡിയിലുള്ള ഭേൽ ചൗക്കിൽ സംരക്ഷണ മതിൽ തകർന്നുവീണ് ഒരു തൊഴിലാളി മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖേദ് തഹസിലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേർ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു, ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ജില്ലയിലെ 22 ഇടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടതായും പുണെ ജില്ലാ ചുമതലയുള്ള ഉപമുഖ്യമന്ത്രി സുനേത്ര പവാർ അറിയിച്ചു. മുംബൈ-പുണെ എക്സ്പ്രസ് വേയിലെ മിസ്സിംഗ് ലിങ്ക് സെക്ഷന് സമീപമുണ്ടായ ഉരുൾപൊട്ടലിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഇന്ദ്രായണി നദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അലന്ദിയിലെ ക്ഷേത്രങ്ങളിലും ധർമ്മശാലകളിലും താമസിച്ചിരുന്ന തീർത്ഥാടകരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അലന്ദിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും, പാൽക്കി (palanquin) ഘോഷയാത്ര പുണെ നഗരത്തിൽ എത്തിയ ശേഷം അതിൽ പങ്കുചേരാൻ വരണമെന്നും വരികാരി (Warkaris) തീർത്ഥാടകരോട് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ മാവലിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് - 237.3 mm.
ഖഡക്വാസ്ല ഡാം ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ വൃഷ്ടിപ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) ജില്ലയിൽ 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം ജുന്നാർ, ഖേദ്, അംബേഗാവ്, രാജ്ഗഡ്, ഭോർ, മാവൽ, മുൽഷി എന്നീ തഹസിലുകളിലെ സ്കൂളുകൾക്ക് ജൂലൈ 7-ന് അധികൃതർ അവധി പ്രഖ്യാപിച്ചു.










0 comments