print edition പിഎം ശ്രീ പദ്ധതി: സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്രം

ന്യൂഡൽഹി; പിഎം ശ്രീയിൽനിന്ന് പിന്മാറാനാകില്ലെന്ന യുഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അവകാശവാദം പച്ചക്കള്ളമെന്ന് തെളിഞ്ഞു. പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് എപ്പോൾവേണമെങ്കിലും പിന്മാറാമെന്ന് മുസ്ലിംലീഗ് എംപി പി വി അബ്‌ദുൾ വഹാബിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധ്‌രി രാജ്യസഭയില്‍ മറുപടിനൽകി. പിഎം ശ്രീയിൽനിന്ന് ഒരുകാരണവശാലും യുഡിഎഫിന് പിന്മാറാനാകില്ലെന്ന കള്ളമാണ് മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരായ എൻ ഷംസുദ്ദീനും കെ എം ഷാജിയും പ്രചരിപ്പിച്ചത്.
"കേരളം പിഎം ശ്രീ ഒപ്പിടുകയോ പിന്മാറുകയോ ചെയ്‌തിട്ടുണ്ടോ? പിന്മാറിയാൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെന്തൊക്കെ? കേന്ദ്രസഹായത്തിൽ കുറവുണ്ടാകുമോ?' തുടങ്ങിയ ചോദ്യങ്ങളാണ് വഹാബ് ഉന്നയിച്ചത്.
അതിനുള്ള മറുപടി ഇങ്ങനെ: 2025 ഒക്‌ടോബർ 23ന് കേരളം ധാരണപത്രത്തിൽ ഒപ്പിട്ടു. എന്നാല്‍ പിഎം ശ്രീ സ്‌കൂളുകൾ തെരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടന്നില്ല. പിന്മാറിയാൽ ആനുകൂല്യങ്ങൾ നഷ്‌ടമാകും. ധാരണപത്രത്തിൽ ഒപ്പിട്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകേണ്ടെന്ന് മുന്‍ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാനസർക്കാരിനുകീഴിലെ സ്‌കൂളുകളൊന്നും പിഎം ശ്രീക്ക് വിട്ടുകൊടുത്തില്ല.
കോൺഗ്രസ് എംപി ജെബി മേത്തർക്ക് കഴിഞ്ഞദിവസം കേന്ദ്ര സഹമന്ത്രി നൽകിയ മറുപടിയില്‍ ഇക്കാര്യവും വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നൂറുകണക്കിന് സർക്കാർ സ്‌കൂളുകള്‍ പിഎം ശ്രീക്ക് വിട്ടുകൊടുത്തെന്നും മറുപടിയില്‍ പറയുന്നു.
പാഠ്യപദ്ധതിയില്‍ പൂർണ അധികാരമില്ല
പിഎം ശ്രീയുമായി മുന്നോട്ടുപോയാലും പാഠ്യപദ്ധതി നിർണയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന യുഡിഎഫിന്റെ അവകാശവാദവും പൊളിഞ്ഞു. പിഎം ശ്രീ സ്‌കൂളുകളിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം സിലബസ് സ്വീകരിക്കാനാകുമോയെന്ന വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി നൽകിയ മറുപടിയിൽ ‘പാഠ്യപദ്ധതി നിശ്‌ചയിക്കാൻ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരമുണ്ടാകില്ലെന്ന്’ വ്യക്തമാക്കി.
സംസ്ഥാന ബോർഡ് അംഗീകാരമുള്ള പിഎം ശ്രീ സ്‌കൂളുകളിൽ സംസ്ഥാന സിലബസ് പിന്തുടരാമെങ്കിലും ആ സിലബസിന്റെ ഘടന പുതിയ വിദ്യാഭ്യാസ നിയമം (എൻഇപി 2020), ദേശീയ കരിക്കുലം ചട്ടക്കൂട് എന്നിവയുമായി പരമാവധി ചേർന്നുപോകുന്നതാകണം. പാഠ്യപദ്ധതി നിർണയത്തില്‍ സംസ്ഥാനങ്ങൾക്കുള്ള അവകാശം പരിമിതമാണെന്ന് ഇതോടെ വീണ്ടും വ്യക്തമായി.
പദ്ധതിയുടെ ഭാഗമായാല്‍ സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി നിർണയാവകാശം പോലും നഷ്‌ടമാകുമെന്ന് ശിവദാസൻ ചൂണ്ടിക്കാട്ടി. പിഎം ശ്രീയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾക്ക് 3,105 കോടിരൂപ ഇതിനകം അനുവദിച്ചെന്നും എന്നാല്‍ കേരളത്തിന് ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. പിഎം ശ്രീയുടെ പേരില്‍ എൽഡിഎഫ് സർക്കാരിന് കേന്ദ്ര ഫ-ണ്ട് ലഭിച്ചെന്ന യുഡിഎഫിന്റെ കള്ളപ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്.
യുഡിഎഫ് സംഘപരിവാറിന് കീഴടങ്ങി: പിണറായി
തിരുവനന്തപുരം: സംഘപരിവാറിന്റെ കാവിവൽക്കരണ അജൻഡയ്‌ക്കുമുന്നിൽ യുഡിഎഫ് സർക്കാർ ഓച്ഛാനിച്ചുനിൽക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. നിയമപരമായി നിർബന്ധമില്ലാതിരുന്നിട്ടും പിഎം ശ്രീ നടപ്പാക്കാനുള്ള യുഡിഎഫിന്റെ അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം കാറ്റിൽപ്പറത്തിയുള്ള തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണ്.
പദ്ധതിയിൽനിന്ന് പിന്മാറാനാവില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്‌തുതകൾക്ക് നിരക്കാത്തതാണെന്ന് പാർലമെന്റ് രേഖകൾ തെളിയിക്കുന്നു. സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിന്മാറാമെന്നും പദ്ധതി വിഹിതം മാത്രമാണ് നഷ്‌ടപ്പെടുകയെന്നും രാജ്യസഭയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. പിഎം ശ്രീ കേരളത്തിൽ നടപ്പാക്കുകയോ അതിനായി ഒരുരൂപ പോലും കേന്ദ്രത്തിൽനിന്ന് കൈപ്പറ്റുകയോ ചെയ്‌തിട്ടില്ലെന്നും അറിയിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.










0 comments