print edition വ്യാപാരം ഇരട്ടിയാക്കും; നിർമിതബുദ്ധിയിൽ കൈകോർത്ത് ഇന്ത്യയും സ്വീഡനും

ഗോതൻബർഗ് (സ്വീഡൻ): അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയും സ്വീഡനും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്‌റ്റേഴ്‌സണും.
2026 മുതൽ 2030 വരെയുള്ള കാലഘട്ടത്തിൽ വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കും. നിർമിതബുദ്ധി, അപൂർവ ധാതുക്കൾ, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ ധാരണയായി.
ക്വാണ്ടം കംപ്യൂട്ടിങ്, 6ജി, അപൂർവ ധാതുക്കൾ, ഹരിത ഉൗർജം, സ്‌മാർട്ട് ഗ്രിഡ് സാങ്കേതിക വിദ്യ എന്നിവയിൽ പങ്കാളിത്തം ഉറപ്പാക്കാനായി ഇന്ത്യ– സ്വീഡൻ ജോയിന്റ് ഇന്നോവേഷൻ പാർടണർഷിപ് 2.0 പദ്ധതി ആരംഭിച്ചു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച വ്യാപാര കരാറും ഉടനടി നടപ്പാക്കണമെന്നും ധാരണയായി. മോദിയ‍്ക്ക് സ്വീഡനിലെ പരമോന്നത ബഹുമതിയായ ‘റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ’ സമ്മാനിച്ചു.
മോദി നോർവേയിൽ
ഓസ്‌ലോ: സ്വീഡനിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നോർവേയിലെത്തി. വിമാനത്താവളത്തിലിറങ്ങിയ മോദി നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹ്‌ർ സ്‌റ്റോർ സ്വീകരിച്ചു.
വ്യാപാരം, നിക്ഷേപം, ഹരിതസാങ്കേതിക വിദ്യ, നീല സന്പദ്‌വ്യവസ്ഥ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യത്തിന്റെ പ്രതിനിധികൾ ചർച്ച നടത്തി.
മോദിക്ക് നോർവേയിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഒഫ് ദി റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ് സമ്മാനിച്ചു. ഓസ്‌ലോയിൽ നടക്കുന്ന മൂന്നാം നോർഡിക് – ഇന്ത്യൻ ഉച്ചകോടിയിൽ നേതാക്കൾ പങ്കെടുക്കും. ഡെൻമാർക്ക്,ഫിൻലൻഡ്, ഐസ്‌ലൻഡ്, സ്വീഡൻ, നോർവേ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ഉറപ്പാക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.










0 comments