പാലിയേക്കര ടോൾ പിരിവിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: പാലിയേക്കരയിൽ ടോൾപിരിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി. പൊതുപ്രവർത്തകനാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. റോഡുകളുടെ പണി പൂർത്തിയാക്കി ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കരുത് എന്നായിരുന്നു വിഷയത്തിൽ മുമ്പ് സുപ്രീംകോടതി വിധി. ഹൈക്കോടതി ഉത്തരവ് ഇതിന്റെ ലംഘനമാണെന്നും ടോൾ പിരിവ് അനുവദിക്കരുതെന്നുമാണ് ഹർജി. ദേശിയ പാതയിൽ പലയിടങ്ങളും ഇതുവരെ ഗതാഗതയോഗ്യമല്ലെന്നും ഹർജിക്കാരൻ പറയുന്നു.
ഒക്ടോബർ 17നാണ് ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. 71 ദിവസത്തിന് ശേഷമാണ് ടോൾ വിലക്ക് നീക്കിയത്. പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചതിനു പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റി നിർത്തിവച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പിലാണ് ടോള്‍പിരിവിന് ഹൈക്കോടതി അനുമതി നൽകിയത്.
ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും എങ്കില്‍ മാത്രമേ ദേശീയപാതയിലെ മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍ മുന്നോട്ടുകൊണ്ട് പോകാന്‍ കഴിയൂ എന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ടോൾ പിരിവ് പുനരാരംഭിച്ചതോടെ നിർമാണം നിർത്തിവച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ് നിർമാണ കമ്പനി. കൂടുതൽ ജീവനക്കാരെ എത്തിച്ച് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാമെന്നാണ് ദേശീയപാത അധികൃതർ പറഞ്ഞിരുന്നത്.









0 comments