പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗം തുടങ്ങി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം പാർലമെന്റിൽ തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജാനാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ആരോഗ്യമന്ത്രി ജെ പി നദ്ദ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജ്ജു, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് സർവകക്ഷിയോഗം ആരംഭിച്ചത്. ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രം എല്ലാ പാർടികളിലെയും നേതാക്കളെ യോഗത്തിൽ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമാജ്‌വാദി പാർട്ടിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുന്നത് രാജ്യസഭാംഗമായ രാം ഗോപാൽ യാദവാണ്. പാർലമെന്ററി പാർടികളുടെ പ്രതിനിധികളെ മാത്രമാണ് സർവകക്ഷിയോഗത്തിൽ വിളിച്ചുചേർത്തിട്ടുള്ളത്. ചെറിയ പാർടികളെ യോഗത്തിൽ നിന്ന് അകറ്റി നിർത്തിയതിന് കേന്ദ്രത്തിനെതിരെ വിമർശിനമുയരുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
Related News
രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ സുരക്ഷാകാര്യങ്ങൾക്കായുളള കേന്ദ്രമന്ത്രിസഭാ സമിതി ബുധനാഴ്‌ച യോഗം ചേർന്ന് വിലയിരുത്തിയിരുന്നു. പാകിസ്ഥാന് പങ്കുണ്ടെന്ന നിലപാടിലാണ് ഇന്ത്യ. എന്നാൽ, ആക്രമണത്തിൽ പങ്കില്ലെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു.
ഇതേ തുടർന്ന് ഇന്ത്യ പാകിസ്ഥാനെതിരെ നയതന്ത്ര നടപടികൾ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബുധൻ വൈകുന്നേരം സുരക്ഷാ കാര്യങ്ങൾക്കായി ചേർന്ന മന്ത്രിസഭാ സമിതി(സിസിഎസ്) യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.
പാകിസ്ഥാൻ പൗരൻമാർക്കുള്ള സാർക്ക് വിസ ഇളവുകൾ റദ്ദാക്കി. നിലവിൽ എസ്‍വിഇഎസ് വിസ പ്രകാരം ഇന്ത്യയിലുള്ള പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം. നിലവിൽ മുമ്പ് അനുവദിച്ച വിസകൾ റദ്ദാക്കുകയും ഇനി വിസ അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.
അട്ടാരി - വാഗ അതിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ അടയ്ക്കും. കൃത്യമായ രേഖകളുമായി അതിർത്തി കടക്കുന്നവർ മെയ് ഒന്നിനു മുമ്പ് തിരികെയെത്തണം.
1960 ലെ സിന്ധു നദീജല കരാർ മരവിപ്പിച്ചു.
പാകിസ്ഥാൻ ഹൈക്കമീഷനിലെ പ്രതിരോധ/സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾ ഒരാഴ്‌ചയ്ക്കകം ഇന്ത്യ വിടണം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽ നിന്ന് ഇന്ത്യൻ പ്രതിരോധ/നാവിക/വ്യോമ ഉപദേഷ്ടാക്കളെയും രണ്ട് ഹൈക്കമീഷനുകളിൽ നിന്നും സർവീസ് അഡ്വൈസർമാരുടെ അഞ്ച് സപ്പോർട്ട് സ്റ്റാഫുകളെയും പിൻവലിക്കും.
2025 മെയ് 01 ഓടെ ഹൈക്കമീഷനുകളുടെ ആകെ അംഗസംഖ്യ നിലവിലുള്ള 55 ൽ നിന്ന് 30 ആയി കുറയ്ക്കും.
എന്നീ തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യം സിസിഎസ് അവലോകനം ചെയ്യുകയും എല്ലാ സേനകളോടും ഉയർന്ന ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച നടപടിയെ യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചു. ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള ഒരു അന്താരാഷ്ട്ര കരാറാണിതെന്നും ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള വ്യവസ്ഥ കരാറില്‍ ഇല്ലെന്നും പാകിസ്ഥാന്‍ പറഞ്ഞു.
ഷിംല കരാർ റദ്ദാക്കും, വാഗാ അതിർത്തി അടക്കുക, പാക്കിസ്ഥാൻ വ്യോമമേഖല അടയ്ക്കും, ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികൾക്ക് പാകിസ്ഥാൻ അതിർത്തിയിൽ പ്രവേശിക്കുന്നത് നിരോധിക്കുക, ഇന്ത്യൻ പൗരർക്കുള്ള വിസ മരവിപ്പിക്കുക തുടങ്ങിയ നടപടികളാണ് പാകിസ്ഥാൻ സ്വീകരിച്ചിരിക്കുന്നത്. സിക്ക് തീർഥാടകർ ഒഴികെയുള്ള ഇന്ത്യൻ പൗരന്മാർക്കുള്ള വിസയും പാകിസ്ഥാൻ താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പാകിസ്ഥാൻ നിർത്തലാക്കി. പാകിസ്ഥാന്റെ ഉന്നത സുരക്ഷാ സമിതിയോഗത്തിലാണ് തീരുമാനം.









0 comments