ഉത്തരവാദിത്തം മറക്കരുത്

പഹൽഗാം; സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥ ശ്രമവുമായി ഐക്യരാഷ്ട്രസഭ

India pak
വെബ് ഡെസ്ക്

Published on Apr 30, 2025, 01:08 PM | 2 min read

ഹൽ​ഗാം ആക്രമണത്തിന് പിന്നാലെ യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യ –പാകിസ്ഥാൻ സംഘർഷത്തിൽ അയവ് വരുത്താൻ ഐക്യരാഷ്ട്ര സഭ ഇടപെടൽ. ഇരു രാജ്യങ്ങളോടും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. പഹൽഗാം ആക്രമണത്തെ യു എൻ അപലപിക്കയും സംഘർഷത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കയും ചെയ്തു.


വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി ടെലഫോണിൽ ആയിരുന്നു സംഭാഷണം. നിയമപരമായ മാർഗങ്ങളിലൂടെ ആക്രമണ സംഭവത്തിൽ നീതി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തി.


"യു.എൻ സെക്രട്ടറി ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞതിൽ യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും  പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്".- ടെലഫോൺ സംഭാഷണത്തിന് പിന്നാലെ ജയശങ്കർ എക്‌സിൽ പ്രതികരിച്ചു.



യുഎൻ സുരക്ഷാ സമിതി പ്രമേയങ്ങൾക്ക് അനുസൃതമായി ജമ്മു കശ്മീർ തർക്കം പരിഹരിക്കുന്നതിൽ യുഎൻ പങ്ക് വഹിക്കണം. പാകിസ്ഥാൻ സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണ്.' എന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും എക്സിൽ മറുകുറിപ്പിട്ടു. സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ചു.



ചൊവ്വാഴ്ച രാത്രിമുതൽ അഞ്ചിടത്ത് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായാണ് റിപ്പോർട്ട് ഉണ്ടായി. അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ തങ്ങൾക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്ഥാൻ വാർത്താ വിതരണ വകുപ്പ് മന്ത്രി അത്താവുള്ള തരാർ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു എൻ ഇടപെടൽ ഉണ്ടായത്. ഇന്ത്യ സ്വയം ജഡ്ജിയും ആരാച്ചാരും ആവുകയാണെന്നായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ വാക്കുകൾ.


ഇന്ത്യ ഒരുങ്ങി


പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി നടന്ന യോഗത്തിൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയതായി പ്രഖ്യാപിച്ചിരുന്നു. രാവിലെ മന്ത്രിതല സുരക്ഷാ സമിതി വീണ്ടും യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരാണ് രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയിലെ നിലവിലെ അംഗങ്ങള്‍. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് നടക്കുന്നുണ്ട്.


പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് 2019 ലാണ് സൂപ്പര്‍ കാബിനറ്റ് അവസാനമായി ചേര്‍ന്നത്. ബാലാകോട്ട്‌ വ്യോമാക്രമണത്തിലൂടെയാണ് അന്ന് ഇന്ത്യ തിരിച്ചടി മുന്നറിയിപ്പ് നൽകിയത്. 1999 ലെ കാർഗിൽ യുദ്ധത്തിന് മുൻപ് ഇതുപോലെ കാബിനറ്റ് ചേർന്ന് തീരുമാനം പ്രഖ്യാപിച്ചിരുന്നു.


തുടരെ കൂടിയാലോചനകൾ, ചർച്ചകൾ


പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് എന്നിവരും രാത്രിയിലെ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എസ്എസ്ബി, അസം റൈഫിൾസ്, എൻഎസ്ജി എന്നിവയുടെ മേധാവികളുമായി ചർച്ച നടത്തി.


കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ ഒരു മലയാളിയും രക്ഷാ പ്രവർത്തനം നടത്തിയ കശ്മീരി യുവാവും ഉൾപ്പെടെ 26 പേരാണു കൊല്ലപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home