യുഎസ് സമ്മർദം കാരണമാണ് പാകിസ്ഥാനെ തിരിച്ചടിക്കാതിരുന്നതെന്ന് മുൻ ആഭ്യന്തരമന്ത്രി
മുംബൈ ഭീകരാക്രമണം ; ചിദംബരത്തിന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി കോൺഗ്രസ്


എം അഖിൽ
Published on Oct 01, 2025, 04:25 AM | 1 min read
ന്യൂഡൽഹി
2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ അന്നത്തെ യുപിഎ സർക്കാർ പാകിസ്ഥാനെ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചത് അമേരിക്കയുടെ ശക്തമായ സമ്മർദം കൊണ്ടായിരുന്നെന്ന് മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ–പാക് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടാണെന്ന അവകാശവാദം മോദി സർക്കാരിന് തലവേദനയായിരിക്കെ ചിദംബരത്തിന്റെ വെളിപ്പെടുത്തൽ ബിജെപി ആയുധമാക്കി.
166 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്ക് തയ്യാറായിരുന്നോയെന്ന ചോദ്യത്തോടായിരുന്നു വാർത്താചാനലിൽ ചിദംബരത്തിന്റെ പ്രതികരണം.
‘തിരിച്ചടിക്കണമെന്ന ചിന്ത പ്രധാനമന്ത്രിയുമായും മറ്റുള്ളവരുമായും പങ്കുവച്ചെങ്കിലും അന്താരാഷ്‌ട്ര സമ്മർദം ശക്തമായിരുന്നു. ഇന്ത്യയോട് യുദ്ധം തുടങ്ങരുതെന്ന് ലോകരാഷ്‌ട്രങ്ങൾ ആവശ്യപ്പെട്ടു. ഞാൻ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ് രണ്ടോ മൂന്നോ ദിവസങ്ങൾക്കകം യുഎസ് വിദേശ സെക്രട്ടറി കോണ്ടലീസാ റൈസ് ഇന്ത്യയിലെത്തി എന്നെയും പ്രധാനമന്ത്രിയെയും കണ്ടു. ദയവായി തിരിച്ചടിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ഞാൻ പ്രതികരിച്ചു. ഒടുവിൽ വിദേശമന്ത്രാലയത്തിന്റെയും മറ്റും ശക്തമായ നിലപാടിന്റെകൂടി സ്വാധീനത്താൽ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചു’ –ചിദംബരം വെളിപ്പെടുത്തി.
ലഷ്‌കര്‍ ഇ തായ്‌ബ നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ രാജിവച്ചതോടെയാണ് ചിദംബരം ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാതിരുന്നത് യുപിഎ സർക്കാരിന്റെ ദൗർബല്യമാണെന്ന് ബിജെപി ആവർത്തിച്ച് വിമർശിക്കുന്നു.
യുപിഎ സർക്കാർ വിദേശസമ്മർദം കാരണം പാകിസ്ഥാനെതിരായ പ്രതികരണത്തിൽ വെള്ളം ചേർത്തെന്നാണ് ചിദംബരത്തിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇതോടെ, പാകിസ്ഥാനെ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചത് സോണിയ ഗാന്ധിയാണോയെന്ന് കോൺഗ്രസ് വിശദീകരിക്കണമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പുണാവാല ആവശ്യപ്പെട്ടു.









0 comments