ബോളിവുഡ് പാർട്ടികളിലെ നിറസാന്നിധ്യമായ ഓറി 252 കോടി രൂപയുടെ മയക്കുമരുന്ന് കേസിൽ മൊഴി നൽകാൻ ഹാജരായി

മുംബൈ: ബോളിവുഡ് പാർട്ടികളിലെ നിറസാന്നിധ്യവും സോഷ്യൽ മീഡിയ താരവുമായ ഓറി എന്ന ഓർഹാൻ അവത്രമണി 252 കോടി രൂപയുടെ മെഫെഡ്രോൺ (എംഡി) മയക്കുമരുന്ന് കേസിൽ മൊഴി നൽകാൻ പൊലീസിന് മുന്നിൽ ഹാജരായി. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് ഓറി മുംബൈ പൊലീസിന് മുന്നിൽ ഹാജരായത്. മൊഴി രേഖപ്പെടുത്തുന്നതിനായി അദ്ദേഹം മയക്കുമരുന്ന് വിരുദ്ധ സെല്ലിന്റെ ഘാട്‌കോപ്പറിലെ ഓഫീസിലെത്തി.
ബോളിവുഡ് താരങ്ങളുടെയും താരപുത്രിമാരുടെയും ഉറ്റസുഹൃത്ത് കൂടിയാണ് ഓറി. കല്ല്യാണം, ജന്മദിനം, ഹൗസ് പാര്‍ട്ടികള്‍ തുടങ്ങിയ ബോളിവുഡിന്‍റെ മിക്ക പാര്‍ട്ടികളിലും ഓറി ഉണ്ടാവാറുണ്ട്.
അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരൻ മുഹമ്മദ് സലിം മുഹമ്മദ് സുഹൈൽ ഷെയ്ഖിനെ ചോദ്യം ചെയ്തപ്പോഴാണ് ഓറിയുടെ പേര് ഉയർന്നുവന്നത്. ഇതിനെത്തുടർന്ന് എഎൻസി നൽകിയ രണ്ട് നോട്ടീസുകൾക്ക് ശേഷമാണ് ഓറി ഹാജരായത്. നേരത്തെ വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കൂടുതൽ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
2024 മാർച്ചിൽ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ഒരു മെഫെഡ്രോൺ നിർമാണ യൂണിറ്റ് കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ മയക്കുമരുന്ന് കേസ്. ഏകദേശം 252 കോടി രൂപ വിലമതിക്കുന്ന 126 കിലോയിലധികം മയക്കുമരുന്നാണ് അന്ന് പിടിച്ചെടുത്തത്. കേസിൽ പ്രതിയായ സുഹൈൽ ഷെയ്ഖിനെ ഈ മാസം ആദ്യം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യുകയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒളിവിൽ കഴിയുന്ന മയക്കുമരുന്ന് രാജാവ് സലിം ഡോളയുടെ അടുത്ത അനുയായിയും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളുമാണ് സുഹൈൽ ഷെയ്ഖ്.
ചോദ്യം ചെയ്യലിൽ, സിനിമാ-ഫാഷൻ രംഗത്തെ പ്രമുഖർ, രാഷ്ട്രീയക്കാർ, പൊതുരംഗത്തുള്ളവർ എന്നിവർക്കായി താൻ ഇന്ത്യയിലും വിദേശത്തും റേവ് പാർട്ടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നതായി സുഹൈൽ സമ്മതിച്ചു. അത്തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗിച്ച പാർട്ടികളിൽ പങ്കെടുത്തവരിൽ ഓറിയും ഉൾപ്പെട്ടിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നടിമാരായ നോറ ഫത്തേഹി, ശ്രദ്ധ കപൂർ, ചലച്ചിത്ര സംവിധായകരായ അബ്ബാസ്-മസ്താൻ എന്നിവരുടെ പേരുകളും ഷെയ്ഖ് പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഷെയ്ഖിന്റെ വാദങ്ങൾ സ്ഥിരീകരിക്കുന്നതിനും പടർന്നു കിടക്കുന്ന മയക്കുമരുന്ന് ശൃംഖലയുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനും വേണ്ടിയാണ് പേര് പരാമർശിച്ചവരെ മുംബൈ പൊലീസ് വിളിച്ചുവരുത്തുന്നത്. ഓറിയെ ചോദ്യം ചെയ്യാനും വിവരങ്ങൾ പരിശോധിക്കാനും മാത്രമാണ് വിളിപ്പിച്ചത്. അദ്ദേഹത്തിനെതിരെ ഇതുവരെ ഔപചാരികമായി കുറ്റം ചുമത്തിയിട്ടില്ല.








0 comments