ഓപ്പറേഷൻ സിന്ദൂർ: അതിർത്തിയിലെ സ്കൂളുകൾ അടച്ചു, നിരവധി വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി : പാകിസ്ഥാൻ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത. വിവിധയിടങ്ങളിൽ റെഡ് അലർട്ട് അടക്കമുള്ള മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. ഇന്ത്യ- പാക് അതിർത്തിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. രാജസ്ഥാന്റെ അതിർത്തി ജില്ലകളിലെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലെന്നോണം രാജസ്ഥാനിലെ ബിക്കാനീർ, ജോധ്പൂർ വിമാനത്താവളങ്ങളും അടച്ചു. മുമ്പ് അതിർത്തിയോട് ചേർന്നുള്ള ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല എന്നീ വിമാനത്താവളങ്ങളും അടച്ചിരുന്നു.
ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. ഉത്തരേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിലേക്കുമുള്ള നിരവധി വിമാനസർവീസുകളും റദ്ദാക്കി. ജാംനഗർ, ചണ്ഡീഗഡ്, ഡൽഹി, ഭുജ്, രാജ്കോട്ട് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും റദ്ദാക്കി. ഗുജറാത്തിലെ കച്ചിലുള്ള വ്യോമസേന ബേസ് കൂടിയായ ഭുജ് വിമാനത്താവളവും രാജ്കോട്ട് വിമാനത്താവളവും മെയ് 10 വരെയാണ് അടച്ചത്.
ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല, ജോധ്പൂർ, ബിക്കാനീർ എന്നിവിടങ്ങളിൽ നിന്നുള്ള 160ഓളം ആഭ്യന്തര വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കി. ഗ്വാളിയോറിലേക്കുള്ള സർവീസുകളും തടസപ്പെട്ടു. എയർലൈനിൽ നിന്നുള്ള സന്ദേശങ്ങൾ ശ്രദ്ധിക്കാനും എയർപോർട്ടിലേക്ക് പുറപ്പെടുന്നതിനുമുമ്പ് വിവരങ്ങൾ കൃത്യമായി അന്വേഷിച്ച് ഉറപ്പിക്കാനും ഇൻഡിഗോ യാത്രക്കാരോട് ആവശ്യപ്പെട്ടു.
ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ എല്ലാം റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു. പാകിസ്ഥാൻ വ്യോമപാതയിലൂടെ സഞ്ചരിക്കേണ്ട 52ഓളം വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധൻ പുലർച്ചെയാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരാക്രമണ കേന്ദ്രങ്ങളിലേക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ ആക്രമണം നടത്തിയത്. 9 ഭീകരവാദ കേന്ദ്രങ്ങൾ തകർത്തതായി സംയുക്തസേന അറിയിച്ചിരുന്നു. ലഷ്കർ - ഇ- ത്വയ്ബയുടെയും ജയ്ഷെ മുഹമ്മദിന്റെയുമടക്കം കേന്ദ്രങ്ങളാണ് തകർത്തത്. ഭീകരവാദ കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സൈന്യത്തെയോ രാജ്യത്തെ മറ്റ് ജനങ്ങളെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും സംയുക്ത സേന വ്യക്തമാക്കിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സാഹചര്യങ്ങൾ വഷളായത്. കഴിഞ്ഞ മാസം 22ന് കശ്മീരിലെ ബൈസരൺ വാലിയിലെ പഹൽഗാമിൽ നടന്ന കൂട്ടക്കുരുതിയിൽ ഒരു നേപ്പാളി പൗരനടക്കം 25 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ നയതന്ത നടപടികൾ സ്വീകരിച്ചിരുന്നു. ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് തെളിഞ്ഞതായും സേന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.









0 comments