ഓപ്പറേഷൻ ബ്ലൂസ്റ്റാർ വിവാദം: ചിദംബരത്തെ തള്ളി കോൺ​ഗ്രസ്

p chidambaram congress
വെബ് ഡെസ്ക്

Published on Oct 12, 2025, 03:26 PM | 1 min read

ന്യൂഡൽഹി: ഓപ്പറേഷൻ ബ്ലൂസ്റ്റാർ വിവാദത്തിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ പി ചിദംബരത്തെ തള്ളി കോൺ​ഗ്രസ്. ചിദംബരത്തിന്റെ പരാമർശങ്ങൾ കോൺഗ്രസിനുള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ചിദംബരം സമ്മർദത്തിലാണെന്നും ബിജെപിയുടെ നിലപാട് ആവർത്തിക്കുകയാണെന്നും കോൺ​ഗ്രസ് നേതാവ് റാഷിദ് ആൽവി പറഞ്ഞു.


"ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ശരിയോ തെറ്റോ എന്നത് ചർച്ചാവിഷയമാണ്. എന്നാൽ 50 വർഷത്തിനു ശേഷം പി ചിദംബരം എന്തിനാണ് കോൺഗ്രസിനെ ലക്ഷ്യം വയ്ക്കുന്നത്? ഇന്ദിരാഗാന്ധി തെറ്റായ നടപടി സ്വീകരിച്ചുവെന്ന് പറയുന്നു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്ന അതേ കാര്യമാണ് ചിദംബരവും പറയുന്നത്," സംസാരിക്കവേ റാഷിദ് ആൽവി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.


ചിദംബരത്തിന്റെ പരാമർശത്തെ കോൺഗ്രസ് വൃത്തങ്ങൾ അപലപിച്ചു. "പാർടി എല്ലാം നൽകിയിട്ടുള്ള ഒരു മുതിർന്ന നേതാവ് ഉത്തരവാദിത്തത്തോടെ സംസാരിക്കണം. പാർടിയെ വേദനിപ്പിക്കുന്ന ആവർത്തിച്ചുള്ള പ്രസ്താവനകൾ ശരിയല്ല" എന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.


ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്നും സംഭവത്തിൽ ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ആ തെറ്റിന് ​ സ്വന്തം ജീവൻ അവര്‍ക്ക് വിലയായി നൽകേണ്ടി വന്നുവെന്നുമായിരുന്നു ചിദംബരത്തിന്റെ പരാമർശം. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ പത്രപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ 'ദേ വിൽ ഷോട്ട് യു, മാഡം' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച മോഡറേറ്റ് ചെയ്യുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രസ്താവന.


1984-ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ സിഖ് തീവ്രവാദികളെ ഒഴിപ്പിക്കാൻ നടത്തിയ ഓപ്പറേഷനായിരുന്നു ബ്ലൂ സ്റ്റാർ. സിഖ് മതത്തിന്റെ പുണ്യസ്ഥലങ്ങളിലൊന്നായ ക്ഷേത്രത്തിലേക്ക് ഇന്ത്യൻ സൈന്യം കയറി നടത്തിയ ഓപ്പറേഷനിൽ സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ ഒളിച്ചിരുന്ന ഭിന്ദ്രൻവാല കൊല്ലപ്പെടുകയായിരുന്നു. ക്ഷേത്രത്തിലെ അകാൽ തഖ്ത് തകർന്ന സൈനിക നടപടി സിഖ് സമൂഹത്തിനുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. മാസങ്ങൾക്കുശേഷം, ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ വെടിവച്ചു കൊന്നു. കൊലപാതകത്തെത്തുടർന്ന് സിഖുകാർക്കെതിരെ വ്യാപകമായ അക്രമവും നടന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home