Deshabhimani

എസ്ഐആ‍ർ തട്ടിപ്പ് തുടരുന്നു

വോട്ട് വെട്ടിയോ എന്നറിയാനുള്ള മാര്‍ഗവും തടഞ്ഞു: കര്‍ണാടകയിൽ 29000 പേരുടെ വിവരങ്ങൾ മറച്ചുവെച്ച് കമ്മീഷൻ

karnataka sir
വെബ് ഡെസ്ക്

Published on Oct 12, 2026, 11:10 AM | 1 min read

ബെംഗളൂരു: എസ്ഐആര്‍ നടപടിക്കിടെ വെട്ടിമാറ്റാനായി ഫോം 7 പ്രയോഗിക്കപ്പെട്ട 29000 വോട്ടര്‍മാരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ കാണാനില്ല. വോട്ടുകൾ നഷ്ടമായവര്‍ക്ക് പരാതിപ്പെടാനോ രാഷ്ട്രീയ പാര്‍ടികൾക്ക് പരിശോധിക്കാനോ കഴിയാത്തവിധം ഇവ കമ്മീഷന്റെ വെബ് സൈറ്റിൽ ഗോപ്യമാക്കി വെച്ചിരിക്കുന്നു.


ഒക്ടോബര്‍ ഒൻപതിന് പുറത്തിറക്കിയ കണക്ക് പ്രകാരം 29,000 ഫോം 7 അപേക്ഷകളുടെ വിശദാംശങ്ങൾ ചീഫ് ഇലക്ടറൽ ഓഫീസറുടെയോ (CEO) തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ (ECI) ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭ്യമല്ല.


കണക്കുകൾ പറയുന്നത്


ജൂൺ 16 മുതൽ ഒക്ടോബർ 8 വരെ 1,10,654 ഫോം 7 അപേക്ഷകൾ ലഭിച്ചതായി കഴിഞ്ഞ ദിവസം സിഇഒ ഓഫീസിൽ നിന്നും വാര്‍ത്താ കുറിപ്പ് ഇറക്കി. വോട്ടര്‍മാര്‍ ഇത് പരിശോധിച്ചപ്പോൾ കണക്കുകൾ ടാലിയായില്ല. വീണ്ടും പരിശോധിച്ചപ്പോഴാണ് മറച്ചുവെക്കൽ ബോധ്യപ്പെട്ടത്.


1,10,654 ഫോം 7 അപേക്ഷകൾ ലഭിച്ചതായി പരസ്യപ്പെടുത്തിയപ്പോൾ ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ വെറും 81,822 അപേക്ഷകളുടെ വിശദാംശങ്ങൾ മാത്രമാണുള്ളത്. ബാക്കി 28,832 അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങൾ ഗോപ്യമാക്കി വെച്ചിരിക്കയാണ്. മൊത്തം അപേക്ഷയുടെ കാൽ ശതമാനം വരുമിത്. സൈറ്റിൽ നൽകിയത് പഴയ കണക്കാണ് എന്ന വിശദീകരണം നൽകി ഒഴിയുകയാണെന്ന് വോട്ടര്‍മാര്‍ പരാതിപ്പെടുന്നു.


മുഖ്യമന്ത്രിവരെ പരാതിപ്പെട്ടിട്ടും


ബാബലേശ്വർ, ഭാൽക്കി തുടങ്ങിയ മണ്ഡലങ്ങളിൽ ചില വ്യക്തികൾ ഒന്നിച്ച് നിരവധി വോട്ടർമാർക്കെതിരെ കൂട്ടത്തോടെ ഫോം 7 അപേക്ഷ നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സഹമന്ത്രിമാരും ഇതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് സിഇഒ അന്വേഷണത്തിന് ഉത്തരവിട്ടു.


chart


എന്നാൽ ഇവയുടെ അടിസ്ഥാനത്തിൽ സിഇഒ പുറത്തുവിട്ട വാർത്താക്കുറിപ്പുകളിലെ കണക്കുകൾ തമ്മിൽ വലിയ വൈരുധ്യങ്ങളുണ്ട്. ഓഗസ്റ്റ് 24-ലെ വാർത്താക്കുറിപ്പിൽ ജൂൺ 16 നും ഓഗസ്റ്റ് 23 നും ഇടയിൽ 67,307 അപേക്ഷകൾ ലഭിച്ചതായി പറഞ്ഞപ്പോൾ, സെപ്റ്റംബർ 11-ലെ പത്രക്കുറിപ്പിൽ അത് 34,631 ആയി കുറഞ്ഞു. തുടർന്ന് വന്ന കണക്കുകളിലും ഇത്തരത്തിൽ വൈരുധ്യങ്ങൾ തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home