ഹോസ്റ്റലിൽ വിദ്യാർഥികളെ തല്ലിച്ചതച്ച് ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ

തിരുവനന്തപുരം: ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടിന്റെ തെളിവായി തല്ലിയൊടിച്ച ലാത്തിയുമായി വി ജോയ് എംഎൽഎ സഭയിൽ. ഹോസ്റ്റലിൽ നടന്ന പൊലീസ് അതിക്രമം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
കേരള ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത വിധം ഭരണപക്ഷവും പൊലീസും ചേർന്ന് സർവകലാശാലാ ഹോസ്റ്റൽ യുദ്ധക്കളമാക്കിയെന്ന് വി ജോയ് പറഞ്ഞു. സെപ്തംബർ 30-ന് നടന്ന ഈ ഗൗരവമേറിയ സംഭവത്തെ ആഭ്യന്തരമന്ത്രി വളരെ ലാഘവത്തോടെയാണ് സമീപിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
കേരള പൊലീസും യൂത്ത് കോൺഗ്രസും സംയുക്തമായി നടത്തിയ സർക്കാർ സ്പോൺസേർഡ് ആക്രമണമായിരുന്നു ഇത്. മന്ത്രി ഒ ജെ ജനീഷാണ് അതിനെ മുന്നിൽ നിന്ന് നയിച്ചത്. യൂത്ത് കോൺഗ്രസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തെത്തുടർന്നാണ് പൊലീസ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി വിദ്യാർഥികൾക്കു നേരെ ലാത്തിച്ചാർജ് നടത്തിയത്.
സംസ്ഥാന മന്ത്രിസഭയിലെ കായികമന്ത്രിയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനം നടത്താൻ തീരുമാനിച്ചത്. എത്രയോ പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും സാക്ഷ്യംവഹിച്ച നാടാണ് കേരളം. സാധാരണ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കുന്നത് രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ്. ആളുകൾ കൂടുതലുണ്ടെങ്കിൽ ആശാൻ സ്ക്വയറിൽനിന്ന് ആരംഭിക്കും. എന്നാൽ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കാൻ തീരുമാനിച്ച യൂത്ത് കോൺഗ്രസ് പ്രകടനം പൊടുന്നനെയാണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ പ്രദേശത്തേക്ക് മാറ്റിയത്. ഇത് തികച്ചും ബോധപൂർവമായ നീക്കമായിരുന്നു. പ്രകടനത്തിന്റെ സ്ഥലം മാറ്റുന്നതിന് പൊലീസിന്റെ അനുമതിയുണ്ടായിരുന്നോ എന്നത് പരിശോധിക്കണമെന്നും വി ജോയ് ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ചതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽനിന്ന് ഉടനടി നീക്കം ചെയ്യേണ്ടിവന്നതിന്റെ നാണക്കേട് മറികടക്കാനാണ് മന്ത്രി പന്തംകൊളുത്തി പ്രകടനത്തിന് തീരുമാനിച്ചത്. സംഘപരിവാറിന്റെ മുന്നിൽ മുട്ടുവിറച്ച് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച മന്ത്രി, പിന്നാലെ പന്തംകൊളുത്തി പ്രകടനം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗ്യാനേഷ് കുമാറും അമിത് ഷായും യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണോ താമസിക്കുന്നതെന്നും വി ജോയ് ചോദിച്ചു.
പ്രതിഷേധത്തിന്റെ മറവിൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിനെ ലക്ഷ്യമിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ പരിസരത്തേക്ക് പ്രകടനം വഴിതിരിച്ചുവിട്ടതുതന്നെ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു. യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിന് പിന്നാലെ വിദ്യാർഥികളെ സംരക്ഷിക്കേണ്ട പൊലീസ് തന്നെ ഹോസ്റ്റലിനുള്ളിൽ കയറി നരനായാട്ട് നടത്തുകയായിരുന്നു.
സംഘർഷം നിയന്ത്രിക്കാനെന്ന പേരിലെത്തിയ പൊലീസ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ക്രൂരമായി മർദിച്ചു. വിദ്യാർഥികൾ താമസിക്കുന്ന ഇടത്തേക്ക് അതിക്രമിച്ചുകയറി ലാത്തിച്ചാർജ് നടത്തിയ പൊലീസ് നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ഹോസ്റ്റലിനെ യുദ്ധക്കളമാക്കി മാറ്റിയ പൊലീസ് അതിക്രമത്തിന്റെ ഭീകരത വ്യക്തമാക്കിയാണ് മർദനത്തിനിടെ ഒടിഞ്ഞ ലാത്തി വി ജോയ് സഭയിൽ ഉയർത്തിക്കാട്ടിയത്.
വിദ്യാർഥികളെ തല്ലിയൊടിഞ്ഞ ലാത്തി തന്നെ പൊലീസ് അതിക്രമത്തിന്റെ ക്രൂരത വ്യക്തമാക്കുന്നതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് മർദിക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ല. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന നരനായാട്ടിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊലീസിനെ നിലയ്ക്കുനിർത്തണമെന്നും വി ജോയ് ആവശ്യപ്പെട്ടു.








0 comments