ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരായ വധശ്രമം: സുരക്ഷാ വീഴ്ചയിൽ ആശങ്ക അറിയിച്ച് ഒമർ അബ്ദുള്ള

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ കടുത്ത ആശങ്ക അറിയിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. എൻഎസ്ജി ഇസഡ് പ്ലസ് സുരക്ഷയുള്ള നേതാവിന് തൊട്ടടുത്തെത്തി വെടിയുതിർക്കാൻ അക്രമിക്ക് എങ്ങനെ സാധിച്ചുവെന്ന് ഒമർ അബ്ദുള്ള ചോദിച്ചു.
ദൈവം കരുണയുള്ളവനാണ്, വലിയൊരു അപകടത്തിൽ നിന്നാണ് പിതാവ് രക്ഷപ്പെട്ടതെന്ന് ഒമർ എക്‌സിൽ കുറിച്ചു. ബുധനാഴ്ച വൈകിട്ട് ജമ്മുവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തോടൊപ്പം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ഉണ്ടായിരുന്നു.
വാഹനം ലക്ഷ്യമാക്കി പാഞ്ഞടുത്ത അക്രമി വെടിയുതിർത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ടതുകൊണ്ട് ദുരന്തം ഒഴിവായി. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. പിടിക്കപ്പെട്ട കമാൽ സിങ് ജംവാൾ (63) എന്നയാൾ കഴിഞ്ഞ 20 വർഷമായി ഫറൂഖ് അബ്ദുള്ളയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസിനോട് പറഞ്ഞു.
അതേസമയം, ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തെ സിപിഐഎം നേതാവ് എം വൈ തരിഗാമി ശക്തമായി അപലപിച്ചു. 'ഇസഡ് പ്ലസ്' കാറ്റഗറി സുരക്ഷയുള്ള ഒരു മുതിർന്ന നേതാവിനെ വധിക്കാൻ ശ്രമിച്ച അക്രമിക്ക് ഇത്രയടുത്തെത്താൻ കഴിഞ്ഞത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും തരിഗാമി ആവശ്യപ്പെട്ടു. അക്രമി മദ്യലഹരിയിലായിരുന്നുവെന്നും സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി. എങ്കിലും വിവിഐപി സുരക്ഷാ പരിധി ലംഘിച്ച് അക്രമിക്ക് എങ്ങനെ കടന്നുവരാൻ കഴിഞ്ഞു എന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണ്.









0 comments