നോർക്കാ കെയർ കരുതൽ സംഗമം – സ്നേഹകവചം സംഘടിപ്പിച്ചു

മുംബൈ: നവി മുംബൈയിൽ 'നോർക്കാ കെയർ കരുതൽ സംഗമം – സ്നേഹകവചം' സംഘടിപ്പിച്ചു. നോർക്ക റൂട്ടസ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. നോർക്ക കെയർ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയുടെ പ്രചാരണാർത്ഥമാണ് പരിപാടി ഒരുക്കിയത്. മഹാരാഷ്ട്രയിലെ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും പരിപാടിയിൽ ഭാഗമായി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായമായി 6,70,550/- രൂപയുടെ ചെക്ക് പ്രിയ വർഗ്ഗീസ്, എം കെ നവാസ് എന്നിവരുടെ നേതൃത്വത്തിലുളള “കെയർ ഫോർ മുബൈ” സന്നദ്ധ സംഘടന പ്രതിനിധികൾ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിക്ക് കൈമാറി. അഞ്ച് കുടുംബങ്ങൾക്ക് ഉള്ള നോർക്ക കെയർ കാർഡുകൾ പി ശ്രീരാമകൃഷ്ണൻ വിതരണം ചെയ്തു. തീരുമാനം മാതൃകാപരമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെക്കൂടി നോർക്ക കെയറിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യംമെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. മറ്റ് മലയാളി കൂട്ടായ്മകളും സമാനമായ രീതിയിൽ പ്രവാസികളെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദഹം വ്യക്തമാക്കി. നോർക്ക കെയറിൽ സ്വയം അംഗമാകുന്നതിനൊപ്പം മറ്റുളളവരെക്കൂടി ചേർത്തുനിർത്തുന്നതിനുളള ശ്രമങ്ങൾ കൂടി ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അജിത് കോളശ്ശേരി പറഞ്ഞു.
പദ്ധതിയിൽ അംഗമാകുന്നതിനുളള ഗ്രൂപ്പ് രജിസ്ട്രേഷൻ നടപടികൾ നോർക്ക റൂട്ട്സ് ഹോം ഒതന്റിഫിക്കേഷൻ ഓഫീസർ ഷെമീംഖാൻ എസ് എച്ച് വിശദീകരിച്ചു. ലോക കേരള സഭ അംഗങ്ങൾ, 60 മലയാളി സംഘടനകളിൽ നിന്നുളള പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. മുംബൈ എൻ ആർ കെ ഡെവലപ്പ്മെന്റ് ഓഫീസർ എസ് റഫീഖ് സ്വാഗതം പറഞ്ഞു. ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും. സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുളള പ്രവാസികൾക്ക് 22വരെ നോർക്ക കെയറിൽ അംഗമാകാം.









0 comments