നീറ്റ് ചോദ്യപേപ്പർ ചോർച്ച
print edition അന്വേഷണം ബിജെപി നേതാവിനെയും കുടുംബത്തെയും കേന്ദ്രീകരിച്ച്

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ നടന്ന പ്രകടനം
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം നീങ്ങുന്നത് ബിജെപി നേതാവിനെയും കുടുംബത്തെയും കേന്ദ്രീകരിച്ച്. ജയ്‌പുരിലെ ജംവാൽരാംഗഡിൽ നിന്ന് അറസ്റ്റിലായ ദിനേശ് ബിവാൾ, സഹോദരൻ മംഗിളാൾ ബിവാൾ, ദിനേശിന്റെ മകൻ വികാസ് ബിവാൾ എന്നിവരിലാണ് നിലവിൽ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ദിനേശ് ബിജെപി– യുവമോർച്ച നേതാവാണ്. ജയ്‌പുരിൽനിന്ന് പിടിയിലായ ഇവർക്കുപുറമെ ഗുരുഗ്രാമിൽനിന്നുള്ള യഷ് യാദവ്, നാസിക്കിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥി ശുഭം ഖൈർനാർ എന്നിവരടക്കം അറസ്‌റ്റിലായ അഞ്ചുപേരെയും ഡൽഹി കോടതിയിൽ സിബിഐ ഹാജരാക്കി. ഇവരെ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിലുള്ള ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്‌മാരെ എന്നിവരുടെ അറസ്‌റ്റ് സിബിഐ രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.
മെഡിക്കൽ വിദ്യാർഥിയായ യാഷ് യാദവാണ് വികാസിന് ചോദ്യപേപ്പർ കൈമാറിയതെന്നാണ് സിബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. വികാസിന് ലഭിച്ച ചോദ്യപേപ്പർ പിതാവ് ദിനേശ് കൈകൊണ്ട് പകർത്തിയശേഷം സ്‌കാൻചെയ്ത് പിഡിഎഫ് ഫയലുകളാക്കി. ഇൗ ചോദ്യപേപ്പറാണ് രാജസ്ഥാനിലെ സിക്കറിലുള്ള കോച്ചിങ് സെന്ററുകളിലും തുടർന്ന് രാജ്യമാകെയും പ്രചരിച്ചതെന്നും റിപ്പോർട്ടുണ്ട്. രണ്ടുമുതൽ അഞ്ചുലക്ഷം രൂപവരെ വാങ്ങിയാണ് വിദ്യാർഥികൾ ചോദ്യപേപ്പറുകൾ വാങ്ങിയത്.
പുണെയിൽനിന്ന് ഓംകാർ ഷിങ്കോട്ട് എന്ന ആയുർവേദിക് ഡോക്‌ടറെയും സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓംകാറാണ് ശുഭം ഖൈർനാറിന് ചോദ്യപേപ്പറുകൾ നൽകിയതെന്നും ഇയാൾ ഗുഡ്‌ഗാവിൽ എത്തിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു. സൂത്രധാരൻ താനാണെന്ന പ്രചാരണത്തെ ഖൈർനാർ നിഷേധിച്ചിട്ടുണ്ട്. ബിജെപി നേതാവായ ദിനേശ് ബിവാളിന്റെ കുടുംബത്തിലെ വികാസുൾപ്പെടെ അഞ്ച് വിദ്യാർഥികൾ 2025ൽ നീറ്റ് പാസായി സർക്കാർ കോളേജുകളിൽ അഡ്‌മിഷൻ നേടിയെന്നാണ് റിപ്പോർട്ട്. ദിനേശിന്റെ മറ്റൊരു മകൻ ഇത്തവണ നീറ്റ് പരീക്ഷ എഴുതിയതായും വിവരമുണ്ട്. ഏപ്രിൽ 29ന് ദിനേശ് സിക്കറിലെത്തി ചോദ്യപേപ്പർ മകന് കൈമാറി. ദിനേശിൽ നിന്ന് ചോദ്യപേപ്പർ 15 ലക്ഷം രൂപയ്‌ക്ക് വാങ്ങിയ, സിക്കറിൽ കോച്ചിങ് കൺസൾട്ടൻസി നടത്തുന്ന രാകേഷ് കുമാറാണ് ‘ഉൗഹ പേപ്പർ’ എന്ന രൂപത്തിലാക്കി ഇത് വിതരണം ചെയ്തത്. വ്യാപകമായി പ്രചരിച്ച ഇൗ ‘ഉൗഹ പേപ്പർ’ ആണ് കുറ്റകൃത്യം പുറത്തുവരാൻ കാരണമായത്.










0 comments