ad
Deshabhimani

രാജ്യവ്യാപകമായി ഇന്ന് എമർജൻസി അലേർട്ട് പരിശോധന; മൊബൈൽ ഫോണുകളിൽ അപായ സന്ദേശമെത്തും

Emergency alert.jpg
വെബ് ഡെസ്ക്

Published on May 02, 2026, 10:49 AM | 1 min read

ന്യൂഡൽഹി: ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിന്റെ' രാജ്യവ്യാപകമായുള്ള പരിശോധന ഇന്ന് (മെയ് 2) നടക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് ഈ പരീക്ഷണം നടത്തുന്നത്.


ഇതിന്റെ ഭാഗമായി രാജ്യത്തെ ഭൂരിഭാഗം മൊബൈൽ ഫോണുകളിലും ഉച്ചത്തിലുള്ള ശബ്ദത്തോടു കൂടി പരീക്ഷണ സന്ദേശങ്ങൾ ലഭിക്കും. പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനാണ് ഈ ട്രയൽ റൺ.


ഇന്ന് നിങ്ങളുടെ മൊബൈൽ ഫോണിൽ ഉച്ചത്തിലുള്ള ബീപ് ശബ്ദത്തോടുകൂടി 'Emergency Alert: Severe' എന്ന തലക്കെട്ടിൽ ഒരു സന്ദേശം തെളിഞ്ഞുവന്നാൽ പരിഭ്രമിക്കേണ്ടതില്ല. ഇത് ഒരു പരീക്ഷണ സന്ദേശം മാത്രമാണെന്നും നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സിസ്റ്റം പരിശോധനയുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.


സന്ദേശം ലഭിക്കുമ്പോൾ ഫോൺ സൈലന്റ് മോഡിലാണെങ്കിലും ശബ്ദം കേൾക്കാൻ സാധ്യതയുണ്ട്. സ്ക്രീനിൽ തെളിയുന്ന സന്ദേശത്തിന് താഴെയുള്ള 'ഓക്കേ' ബട്ടൺ അമർത്തുന്നതോടെ ശബ്ദം നിലയ്ക്കും. റേഡിയോ, ടിവി തുടങ്ങിയ മാധ്യമങ്ങളെക്കാൾ വേഗത്തിൽ ഒരു നിശ്ചിത പ്രദേശത്തെ മുഴുവൻ ആളുകൾക്കും ഒരേസമയം മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.


ഈ സന്ദേശം ലഭിക്കാൻ മൊബൈൽ ഡാറ്റയോ വൈഫൈയോ ആവശ്യമില്ല. സുനാമി, ഭൂകമ്പം, പ്രളയം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് സന്ദേശമെത്തിക്കാം. ഇംഗ്ലീഷിന് പുറമെ പ്രാദേശിക ഭാഷകളിലും സന്ദേശങ്ങൾ അയക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.


വിവിധ ടെലികോം സേവന ദാതാക്കളുടെ നെറ്റ്‌വർക്കുകൾ ഒരേസമയം പരിശോധിച്ച് സിസ്റ്റത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുകയാണ് ഇന്നത്തെ പരീക്ഷണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home