അമേരിക്കയിൽ ഇന്ത്യൻ വനിതയുടെ കൊലപാതകം; ഇന്ത്യയിലേക്ക് കടന്ന മുൻ സുഹൃത്തിനെ പിടികൂടി

ചെന്നൈ: അമേരിക്കയിൽ ഇന്ത്യൻ വനിതയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന മുൻ സുഹൃത്തിനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി. എല്ലിക്കോട്ട് സിറ്റിയിൽ ഡാറ്റ അനലിസ്റ്റായ നികിത ഗോഡിഷാല(27)യുടെ മരണത്തിലാണ് അറസ്റ്റ്. പ്രതിയായ അർജുൻ ശർമ്മയാണ് പിടിയിലായത്. അർജുന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പുതുവത്സര ദിനം മുതൽ കാണാതായ നികിതയെ അർജുന്റെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നികിതയെ കാണാനില്ലെന്ന് അർജുൻ തന്നെയാണ് പൊലീസിൽ റിപ്പോർട്ട് ചെയ്ത്ത്. ഡിസംബർ 31ന് തന്റെ അപ്പാർട്ട്മെന്റിൽ വച്ചാണ് അവസാനമായി യുവതിയെ കണ്ടതെന്ന് അർജുൻ പൊലീസിൽ മൊഴി നൽകിയിരുന്നു. തുടർന്ന് 3ന് അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയപ്പോഴാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്.
നികിതയെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്ത അതേ ദിവസം അർജുൻ ഇന്ത്യയിലേക്ക് കടന്നു. ഡിസംബർ 31ന് രാത്രി 7ഓടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. അർജുൻ രാജ്യം വിട്ടതിന് പിന്നാലെ അർജുനെ കണ്ടെത്തുന്നതിനായി യുഎസ് ഫെഡറൽ ഏജൻസികൾ ഇന്ത്യൻ അധികാരികളുമായി ഏകോപനം നടത്തി. ഏജൻസികൾ തമ്മിലുള്ള നിരന്തരമായ നിരീക്ഷണത്തിന്റെയും വിവര കൈമാറ്റത്തിന്റെയും ഫലമായി ഇന്റർപോൾ തമിഴ്‌നാട്ടിൽ വച്ച് അർജുനെ അറസ്റ്റ് ചെയ്യുകയായിരുന്നു.










0 comments