കാറിൽ ഐസ്ക്രീം വീണതിന് ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അമ്മയും സുഹൃത്തും അറസ്റ്റിൽ

പ്രിയങ്ക , മോഹൻ ജെ മഹാനിംഗപ്പ (Photo: TOI)
ബംഗളൂരു: കാറിനുള്ളിൽ ഐസ്ക്രീം വീണുവെന്ന് ആരോപിച്ച് ആറു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയും സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിലെ സിഗേഹള്ളി പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം. മാർച്ച് 25 നാണ് കുട്ടി കൊല്ലപ്പെട്ടത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ അമ്മ പി പ്രിയങ്ക, സുഹൃത്ത് റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ മോഹൻ ജെ മഹാനിംഗപ്പ എന്നിവർ പിടിയിലായത്.
മാർച്ച് 24-ന് രാത്രി ഇവർ കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. കാറിൽ വെച്ച് ഐസ്ക്രീം കഴിക്കുന്നതിനിടെ താഴെ വീണുവെന്ന് ആരോപിച്ച് കുട്ടിയുടെ വയറ്റിൽ കൈമുട്ട് കൊണ്ട് മോഹൻ ശക്തമായി ഇടിച്ചു. വേദനകൊണ്ട് കുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങിയതോടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒടുവിൽ കുട്ടി മരിച്ചത് പുറംലോകം അറിയാതിരിക്കാനായി ഇരുവരും 12 മണിക്കൂറോളം ബംഗളൂരു നഗരം ചുറ്റി.
കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പാളി. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും ഫോറൻസിക് പരിശോധനയിലെയും കണ്ടെത്തലുകൾ പൊലീസിന് സംശയമുണ്ടാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് അമ്മയുടെയും സുഹൃത്തിന്റെയും ക്രൂരത പുറംലോകം അറിഞ്ഞത്. ദാമ്പത്യ തർക്കങ്ങളെ തുടർന്ന് പ്രിയങ്ക തന്റെ ആദ്യ ഭർത്താവ് പ്രവീൺ ബസപ്പയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. കോളേജ് സുഹൃത്തായ, രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ മോഹനുമായി പ്രിയങ്ക ബംഗളൂരുവിലെ ആഡംബര വില്ലയിൽ ഒന്നിച്ചായിരുന്നു താമസം. പ്രിയങ്കയുടെ മൂത്ത മകൾ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ പിതാവ് പ്രവീൺ ആണ് പരാതി നൽകിയത്. കുട്ടി മുൻപും ഇവരിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ നേരിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.









0 comments