ഡൽഹിയിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ഡൽഹി അപ്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടിടുത്തതിൽ നിന്ന് |Photo:PTI
ന്യൂഡൽഹി : തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിലുള്ള അഞ്ചുനില റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ ജനവാസ മേഖലയിലുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
പുലർച്ചെ 2.24 ഓടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ നിന്ന് വൻതോതിൽ പുക ഉയർന്നതോടെ പല താമസക്കാരും ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കെട്ടിടത്തിലുണ്ടായിരുന്ന എട്ട് പേരെ പുറത്തെത്തിച്ചത്. ഇവരെ സഫ്ദർജംഗ് ആശുപത്രിയിലേക്കും എയിംസ് ട്രോമ കെയർ സെന്ററിലേക്കും മാറ്റി.
ആശുപത്രിയിൽ എത്തിച്ചവരിൽ 22 വയസ്സുകാരനായ യുവാവും രണ്ട് സ്ത്രീകളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.









0 comments