വീണ്ടും ഡിജിറ്റൽ അറസ്റ്റ്; 50 ലക്ഷം രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ

മുംബൈ: ഡിജിറ്റൽ അറസ്റ്റ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട മുംബൈയിൽ രണ്ടുപേർ അറസ്റ്റിൽ. റിട്ടയേർഡ് ബാങ്ക് ജീവനക്കാരനിൽ നിന്ന് 50 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. നാസിക് പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട തട്ടിപ്പുകാർ വാട്ട്‌സ്ആപ്പ് കോളുകൾ വഴിയും വീഡിയോ കോളുകൾ വഴിയുമാണ് പരാതിക്കാരനെ സമീപിച്ചത്.
പണം തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തി. പ്രതികൾ സർക്കാർ മുദ്രകളുള്ള വ്യാജ എഫ്‌ഐആർ കോപ്പികളും, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ഐപിഎസ് ഉദ്യോഗസ്ഥന്റെ ഐഡി കാർഡും തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു.
വെരിഫിക്കേഷന്റെ പേരിലും അറസ്റ്റിന്റെ പേര് പറഞ്ഞും തട്ടിയിപ്പിനിരയായ ആളെയും ഭാര്യയെയും തുടർച്ചയായി മൂന്ന് ദിവസം വീഡിയോ കോളിൽ നിർത്തിയിരുന്നു. അന്വേഷണത്തിൽ 29 ലക്ഷം രൂപ നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് താനെ ജില്ലയിലെ ഉല്ലാസ്നഗറിലുള്ള ഒരാളുടേതാണെന്ന് കണ്ടെത്തി.
ഈ അക്കൗണ്ട് ഉടമയെ ഒക്ടോബർ 25-ന് അറസ്റ്റ് ചെയ്തു. ഇയാൾ നൽകിയ വിവരത്തെ തുടർന്ന് കൂട്ടാളിയും അറസ്റ്റിലായി. രവി ആനന്ദ അംബോറെ (35), വിശ്വപാൽ ചന്ദ്രകാന്ത് ജാദവ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ്, സിബിഐ, ഇഡി, ആർബിഐ തുടങ്ങിയ ഒരു സർക്കാർ ഏജൻസിയും 'ഡിജിറ്റൽ അറസ്റ്റ്' നടത്തുകയോ അജ്ഞാത നമ്പറുകളിൽ നിന്ന് വീഡിയോ കോളുകൾ ചെയ്യുകയോ ഇല്ലെന്ന് മുംബൈ സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.









0 comments