കേരളത്തിലെ റെയിൽവേ പദ്ധതികൾക്കായി വകയിരുത്തിയ തുക പിൻവലിക്കുന്നതിനുള്ള നീക്കം തള്ളിക്കളയണം: ഡോ. ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: അങ്കമാലി-ശബരിമല, തിരുനാവായ-ഗുരുവായൂർ റെയിൽവേ ലൈനുകൾക്കായി 2025-26 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയിരുന്ന തുകകളിൽ ഗണ്യമായ വിഹിതം പിൻവലിക്കണമെന്ന് റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്ത ദക്ഷിണ റെയിൽവേയുടെ നടപടിയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ബജറ്റിൽ കേരളത്തിലെ റെയിൽവേ പദ്ധതികൾക്കായി വകയിരുത്തിയിരുന്ന തുക പിൻവലിക്കുന്നതിനുള്ള ദക്ഷിണ റെയിൽവേയുടെ നീക്കം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തെഴുതി.
ബജറ്റിൽ വകയിരുത്തിയ തുക ചിലവഴിക്കാതെയിരിക്കുന്നത് റെയിൽവേയുടെ ഒരു സ്ഥിരം രീതിയാണ്. എന്നാൽ, ഇക്കുറി ചെലവഴിക്കാതിരിക്കുക മാത്രമല്ല അത് ഔദ്യോഗികമായി പിൻവലിക്കാനുള്ള ശുപാർശ കൂടി റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നു. ഇത്തരത്തിനുള്ള നടപടികൾ കേരളത്തിന്റെ റെയിൽവേ വികസനത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. കേരളത്തിലെ മാത്രമല്ല തമിഴ്നാട്ടിലെ പല പദ്ധതികൾക്കും കൂടി തുരങ്കം വയ്ക്കുന്നതാണ് ദക്ഷിണ റെയിൽവേയുടെ ഈ നീക്കം.
ദക്ഷിണ റെയിൽവേയുടെ ശുപാർശ തള്ളിക്കളയാനും കേരളത്തിലെ സുപ്രധാന പദ്ധതികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. അനുവദിച്ച ഫണ്ട് പിൻവലിക്കണമെന്നുള്ള നിർദ്ദേശം നിരസിച്ച് പദ്ധതികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അതുവഴി കേരളത്തിലെ ജനങ്ങളോടുള്ള റെയിൽവേയുടെ വാഗ്ദാനങ്ങൾ നിറവേറ്റണമെന്നും എംപി ആവശ്യപ്പെട്ടു.









0 comments