ടിൻഡർ വഴി പരിചയം; ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി പണം തട്ടും: അമ്മയും മകളും അറസ്റ്റിൽ

പ്രതീകാത്മകചിത്രം
ഫരീദാബാദ് : ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടുന്നവരിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ അമ്മയും മകളും അറസ്റ്റിൽ. ഫരീദാബാദ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനും ഇവർക്കെതിരെ കേസുണ്ട്.
ഡേറ്റിങ് ആപ്പായ ടിൻഡർ വഴിയാണ് പ്രതികൾ ഇരകളെ കണ്ടെത്തിയിരുന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരെ മാത്രമാണ് ലക്ഷ്യം വച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ടിൻഡറിൽ സന്ദേശമയച്ച് സൗഹൃദം സ്ഥാപിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യ പടി. പിന്നീട് കാണാമെന്നുപറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുന്നു. ശേഷം മയക്കുമരുന്ന് നൽകി കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും പണവും കവർച്ച ചെയ്ത ശേഷം കടന്നുകളയുന്നതാണ് ഇവരുടെ രീതി.
ഇരയാക്കപ്പെട്ടവരെ ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പേടിപ്പിക്കാനായി ചിലർക്കെതിരെ വ്യാജ പരാതികൾ നൽകിയിരുന്നതായും പൊലീസ് പറയുന്നു. അന്വേഷണത്തിൽ ഇവർ ആൻഡമാൻ, സൂറത്ത്, ഡൽഹി എൻസിആർ എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഫരീദാബാദ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.









0 comments