print edition മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം; അനങ്ങാതെ തെര. കമീഷൻ


സ്വന്തം ലേഖകൻ
Published on Apr 21, 2026, 12:01 AM | 1 min read
ന്യൂഡൽഹി: പശ്‌ചിമ ബംഗാൾ, തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ദൂരദർശനെ ഉൾപ്പെടെ ആയുധമാക്കി പ്രതിപക്ഷത്തിന് എതിരെ കുപ്രചാരണം നടത്തിയ പ്രധാനമന്ത്രിയുടെ ഗുരുതര ചട്ടലംഘനത്തിൽ ഇടപെടാതെ തെരഞ്ഞെടുപ്പ് കമീഷൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് നഗ്നമായ അധികാരദുർവിനിയോഗവും പെരുമാറ്റച്ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ച് സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യുന്നുവെന്ന പേരിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച മോദിക്ക് എതിരെ സാമൂഹ്യപ്രവർത്തകരും ഗവേഷകരും മുൻ ഉദ്യോഗസ്ഥരും ഉൾപ്പെടെ 700ഓളം പൗരരും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
ദൂരദർശൻ, സൻസദ്‌ടിവി, ഓൾ ഇന്ത്യ റേഡിയോ തുടങ്ങിയ സർക്കാർ സംവിധാനങ്ങളിലൂടെ രാജ്യത്തെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച നരേന്ദ്രമോദിയുടെ നടപടി രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് രാഷ്ട്രീയലക്ഷ്യങ്ങൾ നേടാനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്‌തത് പെരുമാറ്റച്ചട്ട ലംഘനമാണ്. ഇൗ സാഹചര്യത്തിൽ, മോദിയുടെ പ്രസംഗം പരിശോധിച്ച് നിയമാനുസൃതം നടപടി എടുക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും പരാതികളിൽ പ്രാഥമിക നടപടികൾ പോലും എടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായിട്ടില്ല.










0 comments