വാര്‍ത്താസമ്മേളനത്തില്‍ വനിതാമാധ്യമപ്രവർത്തകര്‍ക്ക് വിലക്ക്
താലിബാന് കുടപിടിച്ച് മോദി ; താലിബാന്‍ വിദേശമന്ത്രിയുടെ നടപടിയെ എതിര്‍ക്കാതെ ബിജെപി സര്‍ക്കാര്‍

ന്യൂഡൽഹി
ഇന്ത്യ സന്ദർശിക്കുന്ന താലിബാൻ വിദേശമന്ത്രി അമീർഖാൻ മുത്താഖിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയ നടപടിയിൽ പ്രതിഷേധം ശക്തം. വെള്ളിയാഴ്‌ച അഫ്ഗാൻ എംബസിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനമുണ്ടായിരുന്നില്ല.
പങ്കെടുക്കാനെത്തിയ ചില വനിതാ മാധ്യമപ്രവർത്തകരെ തടയുകയും ചെയ്‌തു. കടുത്ത സ്‌ത്രീവിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധരായ താലിബാൻ, വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയപ്പോൾ വിദേശമന്ത്രാലയം അതിനെ എതിർക്കാനോ തിരുത്താനോ ശ്രമിച്ചില്ല. ഇതോടെ ‘താലിബാൻ മോഡലിന്’ മോദി സർക്കാർ കുടപിടിക്കുകയാണെന്ന വിമർശം ശക്തമായി.
2021ൽ അഫ്‌ഗാനിൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയശേഷം ആദ്യമായാണ് അവരുടെ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്. താലിബാനുമായി ബന്ധം ശക്തിപ്പെടുത്താൻ മോദി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുത്താഖിയുടെ വരവ്. ഹൈദരാബാദ് ഹൗസിൽ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് പിന്നാലെയാണ് മുത്താഖി വാർത്താസമ്മേളനം നടത്തിയത്. വനിതാമാധ്യമപ്രവർത്തകരെ വിലക്കിയതിനെ പ്രതിപക്ഷനേതാക്കളും മാധ്യമപ്രവർത്തകരുടെ സംഘടനകളും അടക്കം രൂക്ഷമായി വിമർശിച്ചു.
ഇതിനുപിന്നാലെ, വാർത്താസമ്മേളനത്തിന് മാധ്യമങ്ങളെ ക്ഷണിച്ചത് അഫ്‌ഗാൻ കോൺസൽ ജനറലാണെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നും വിദേശമന്ത്രാലയം പ്രസ്‌താവനയിറക്കി. ‘നാരീശക്തി’യുടെ പേരിൽ വീന്പിളക്കാറുള്ള മോദിസർക്കാരിന്റെ സ്‌ത്രീവിരുദ്ധ നിലപാട് ഒരിക്കൽക്കൂടി മറനീക്കിയെന്ന് സമൂഹമാധ്യമങ്ങളില്‍ വിമർശം ശക്തമായി.
താലിബാൻ സ്‍ത്രീകളെ മനുഷ്യരായി കാണുന്നില്ല: തസ്ലിമ നസ്‍റിൻ
താലിബാന്‍ വിദേശമന്ത്രി അമീര്‍ ഖാന്‍ മുത്താഖിയുടെ വാര്‍ത്താസമ്മേളനത്തിൽ വനിത മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‍റിൻ. സ്ത്രീകളെ മനുഷ്യരായി പോലും കാണാത്തവരാണ് താലിബാനെന്നും അതുകൊണ്ടാണ് വനിതകളുടെ മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കാത്തതെന്നും തസ്ലിമ സമൂഹമാധ്യമത്തിൽ കുറിച്ചു. പുരുഷ മാധ്യമപ്രവര്‍ത്തകര്‍ക്ക് മനഃസാക്ഷിയുണ്ടായിരുന്നെങ്കില്‍ വാര്‍ത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോകണമായിരുന്നുവെന്നും അവര്‍ കുറിച്ചു. ബംഗ്ലാദേശില്‍ മതമൗലികവാദികള്‍ വധഭീഷണി മുഴക്കിയതിന് തുടര്‍ന്ന് അവര്‍ രണ്ടുദശാബ്ദമായി ഇന്ത്യയും അമേരിക്കയിലും യൂറോപ്പിലുമായാണ് കഴിയുന്നത്.
അപലപിച്ച് മാധ്യമ സംഘടനകൾ
താലിബാൻ വിദേശമന്ത്രി അമീർഖാൻ മുത്താഖിയുടെ വാർത്താസമ്മേളനത്തിൽ വനിതാമാധ്യമപ്രവർത്തകരെ വിലക്കിയതിൽ രൂക്ഷവിമർശവുമായി മാധ്യമപ്രവർത്തകരുടെ സംഘടനകൾ. നടപടി സ്‌ത്രീകളുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് ഡൽഹി യൂണിയൻ ഓഫ് ജേണലിസ്‌റ്റ്‌സ് വിമർശിച്ചു.
താലിബാൻ ഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്താൻ തീരുമാനിച്ച കേന്ദ്രസർക്കാരിന് നിലപാടുകളും നയങ്ങളും മാറ്റമെങ്കിലും സ്‌ത്രീകളുടെ അവകാശങ്ങൾ ഹനിക്കാനാവില്ല. വനിതാമധ്യമപ്രവർത്തകരെ വിലക്കിയതിന് മൗനാനുവാദം നൽകിയത് താലിബാന്റെ സ്‌ത്രീവിരുദ്ധ നിലപാടുകളെ അംഗീകരിക്കുന്നതിന് തുല്യമാണെന്നും ഡിയുജെ പ്രസ്‌താവനയിൽ പറഞ്ഞു.
സ്‌ത്രീകൾക്ക് എതിരായ വിവേചനങ്ങളെ ശക്തമായി എതിർക്കാത്തത് വിവേചനങ്ങളെ ശരിവെക്കുന്നതിന് തുല്യമായ നടപടിയാണെന്ന് സംഭവത്തിൽ എഡിറ്റേഴ്‌സ് ഗിൽഡും പ്രതികരിച്ചു.









0 comments