പഹൽഗാം ആക്രമണം മുൻനിർത്തി പാകിസ്ഥാനെ പ്രതിക്കൂട്ടിലാക്കുന്ന സംയുക്ത പ്രസ്‌താവന ഇറക്കുന്നതിൽ മോദിസർക്കാർ പരാജയപ്പെട്ടു
ഷാങ്‌ഹായിൽ കേന്ദ്രത്തിന്റെ നയതന്ത്ര തകർച്ച

റിതിൻ പൗലോസ്
Published on Jun 28, 2025, 02:38 AM | 1 min read
ന്യൂഡൽഹി
ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രസർക്കാരിന് നയതന്ത്ര തിരിച്ചടി. പഹൽഗാം ആക്രമണം മുൻനിർത്തി പാകിസ്ഥാനെ പ്രതിക്കൂട്ടിലാക്കുന്ന സംയുക്ത പ്രസ്‌താവന പുറത്തിറക്കുന്നതിൽ മോദിസർക്കാർ പരാജയപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഘടനവാദ പ്രവർത്തനങ്ങൾ പ്രസ്‌താവനയിൽ ഇടംപിടിക്കുകയും ചെയ്‌തു. ഇത് ഇന്ത്യയുടെ നയതന്ത്ര ഒറ്റപ്പെടലാണെന്ന വിമർശം ശക്തമായി.
അതിർത്തി കടന്നുള്ള തീവ്രവാദത്തിന് പിന്തുണയും ധനസഹായവും സുരക്ഷിത താവളവുമൊരുക്കുന്നവർക്ക് സംയുക്ത പ്രസ്‌താവനയിലൂടെ ശക്തമായ സന്ദേശം നൽകണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നിർദേശിച്ചിരുന്നു. പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് ഇതിനെ എതിർത്തതെന്ന് കേന്ദ്രം പരോക്ഷമായി പറയുന്നു.
ബലൂചിസ്ഥാൻ വിഘടനവാദികളെ ഇന്ത്യയാണ് സഹായിക്കുന്നതെന്ന് പാകിസ്ഥാൻ തുടർച്ചയായി ആരോപിക്കുന്നുണ്ട്. പഹൽഗാമിനെ തള്ളുകയും ബലൂചിസ്ഥാനെ കൊള്ളുകയും ചെയ്‌ത പ്രസ്‌താവന മറ്റ് രാജ്യങ്ങൾക്കെല്ലാം സ്വീകാര്യമായത് ഇന്ത്യയുടെ നയതന്ത്ര ഒറ്റപ്പെടലിലേക്കാണ് വിരൽചൂണ്ടുന്നത്. ഇന്ത്യ യോഗത്തിൽ ഒറ്റപ്പെട്ടെന്നും ഇത് പാകിസ്ഥാന്റെ നയതന്ത്ര വിജയമാണെന്നും പാക് മാധ്യമങ്ങൾ ആഘോഷിക്കുകയാണ്.
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് ലോകത്തോട് വിളിച്ചുപറയാൻ സർവകക്ഷി സംഘത്തെ അയച്ചതിൽ കേന്ദ്രത്തിന് ആസൂത്രണ പാളിച്ചയുണ്ടായെന്നും വിമർശമുണ്ട്. സംഘം സന്ദർശിച്ച ഏക എസ്‌സിഒ രാജ്യം റഷ്യയാണ്. മറ്റ് രാജ്യങ്ങൾ സന്ദർശിച്ച് നിലപാട് നേരത്തെ ബോധ്യപ്പെടുത്താനായില്ല. ഗാൽവാൻ പ്രതിസന്ധിക്കുശേഷം പ്രതിരോധമന്ത്രി ആദ്യം നടത്തിയ ചൈന സന്ദർശനമായിരുന്നു ഇത്.
സഹകരണം ശക്തമാക്കാൻ യുഎസും പാകിസ്ഥാനും
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ടെലഫോണിൽ ചർച്ച നടത്തി. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്രയേലിനും ഇറാനുമിടയിൽ ശാശ്വത സമാധാനം ഉണ്ടാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും അംഗീകരിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
പാകിസ്ഥാൻ–അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരം വർധിപ്പിക്കുന്നതിനും യോജിച്ചുള്ള പ്രവർത്തനം തുടരാൻ തീരുമാനിച്ചതായി, പാകിസ്ഥാൻ സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ത്യ-പാക് വെടിനിർത്തലിൽ "അമേരിക്കയുടെ നിർണായക പങ്കിന്' ഷെരീഫ് റൂബിയോയെ നന്ദി അറിയിച്ചു. ഇറാന്‍–ഇസ്രയേല്‍ വെടിനിർത്തല്‍ സാധ്യമാക്കിയ ട്രംപിന്റെ നേതൃത്വത്തെ പാക് പ്രധാനമന്ത്രി പ്രശംസിച്ചു.









0 comments