താലിബാനെ ചേർത്തുപിടിച്ച് മോദി സർക്കാർ; 160 അഫ്‌ഗാൻ ട്രക്കുകൾക്കായി വാഗ അതിർത്തി തുറന്നു

ന്യൂഡൽഹി: താലിബാൻ സർക്കാരുമായി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള 160 ട്രക്കുകൾക്ക് കേന്ദ്രസർക്കാർ അട്ടാരി–- വാഗ അതിർത്തിയിൽ പ്രവേശനം അനുവദിച്ചു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഏപ്രിൽ 23 മുതൽ അടച്ചിട്ടിരിക്കുന്ന അതിർത്തിയാണ് ഡ്രൈഫ്രൂട്ട്‌സും നട്ട്‌സുമായി എത്തിയ അഫ്‌ഗാൻ ട്രക്കുകൾക്ക് പ്രത്യേകമായി തുറന്നുകൊടുത്തത്. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും അഫ്‌ഗാൻ ആക്‌റ്റിങ് വിദേശകാര്യമന്ത്രി മൗലവി അമീർ ഖാൻ മുട്ടാഖിയും കഴിഞ്ഞ ദിവസം സൗഹൃദസംഭാഷണം നടത്തിയിരുന്നു. അഫ്‌ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തശേഷം ആദ്യമായാണ് മന്ത്രിതല ചർച്ചയുണ്ടായത്. അതിർത്തിയിൽ കുടുങ്ങിയ അഫ്‌ഗാൻ ട്രക്കുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ചർച്ചയിൽ താലിബാൻ മന്ത്രി അഭ്യർഥിച്ചിരുന്നു. അഫ്‌ഗാൻ ട്രക്കുകളെ പാകിസ്ഥാനും തടഞ്ഞില്ല.
താലിബാൻ ഭരണകൂടവുമായി സൗഹൃദം ദൃഢമാക്കുന്നതിന് ഏത് നടപടിയും സ്വീകരിക്കുമെന്ന നിലപാടിലാണ് മോദി സർക്കാർ. സ്‌ത്രീകൾക്ക് വിദ്യാഭ്യാസവും ജോലിയും മറ്റും നിഷേധിക്കുന്ന താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാൽ താലിബാന്റെ ഡൽഹിയിലെ എംബസിയും മുംബൈയിലും ഹൈദരാബാദിലുമുള്ള കോൺസുലേറ്റുകളും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി. താലിബാൻ ഭരണം പിടിച്ചതോടെ കാബൂളിലെ എംബസിയും കാണ്ഡഹാറിലെയും മസാരെ ഷെറീഫിലെയും കോൺസുലേറ്റുകളും ഇന്ത്യ അടച്ചിരുന്നു. കാബൂളിലെ എംബസി നിലവിൽ ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്.
പുൽവാമ ആക്രമണമടക്കം ഇന്ത്യയിൽ ഒട്ടനവി ഭീകരാക്രമണങ്ങൾ നടത്തിയ ജെയ്‌ഷെ തലവൻ മസൂദ് അസറിനെ 1999ൽ ഇന്ത്യൻ ജയിലിൽനിന്ന് മോചിപ്പിക്കാൻ നിർണായക ഇടപെടൽ നടത്തിയത് അക്കാലത്ത് അഫ്‌ഗാൻ ഭരിച്ചിരുന്ന താലിബാനായിരുന്നു. മസൂദ് അസറിനെ വിട്ടുകിട്ടുന്നതിനായി റാഞ്ചിയ വിമാനം കാണ്ഡഹാർ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. മസൂദ് അസറടക്കം മൂന്ന് ഭീകരരെ അന്നത്തെ ബിജെപി സർക്കാർ അഫ്‌ഗാനിലെത്തിച്ച് കൈമാറിയ ശേഷമാണ് വിമാനം വിട്ടുനൽകാൻ താലിബാൻ തയ്യാറായത്. അതേ താലിബാനുമായാണ് ഇപ്പോൾ മോദി സർക്കാരിന്റെ ചങ്ങാത്തം.









0 comments