ആയുധനിർമാണം സ്വകാര്യ കന്പനിക്ക് ; തന്ത്രപ്രധാന മേഖലയും സ്വകാര്യ മേഖലയ്‌ക്ക് തുറന്നിട്ട് മോദി സർക്കാർ

ന്യൂഡൽഹി
നീണ്ടുനിൽക്കുന്ന യുദ്ധസാഹചര്യമുണ്ടായാൽ പടക്കോപ്പുകളുടെ ക്ഷാമം ഒഴിവാക്കാനെന്ന പേരിൽ മിസൈൽ, ബോംബ്, ഷെൽ തുടങ്ങിയവയുടെ നിർമാണം സ്വകാര്യ കന്പനികൾക്ക് നൽകാൻ കേന്ദ്രസർക്കാർ. അമേരിക്കയിലെ ശതകോടീശ്വരന്മാർ നിയന്ത്രിക്കുന്ന സ്വകാര്യ പടക്കോപ്പ് നിർമാണ കോംപ്ലക്‌സുകൾ ഇന്ത്യയിലും സ്ഥാപിക്കാനുള്ള നീക്കത്തിന്റെ തുടക്കമായാണ് മോദി സർക്കാരിന്റെ നയംമാറ്റത്തെ വിലയിരുത്തുന്നത്.
പടക്കോപ്പ് നിർമാണം സ്വകാര്യമേഖലയ്‌ക്ക് നൽകാൻ ലക്ഷ്യമിട്ട് റവന്യൂ പ്രൊക്യുർമെന്റ് മാനുവലിൽ (ആർപിഎം) ഭേദഗതിയും വരുത്തി. നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് മുന്പ് കേന്ദ്രസർക്കാരിന്റെ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിൽ (എംഐഎൽ)നിന്ന് സ്വകാര്യ കന്പനികൾ എൻഒസി വാങ്ങണമെന്ന വ്യവസ്ഥ ഇല്ലാതാക്കി. സ്വകാര്യ കന്പനികൾക്ക് 05 എംഎം, 130 എംഎം, 150 എംഎം പീരങ്കി ഷെല്ലുകൾ, പിനാക മിസൈലുകൾ, 1,000 പൗണ്ട് ബോംബുകൾ, മോർട്ടാർ ബോംബുകൾ, ഹാൻഡ് ഗ്രനേഡുകൾ, ഇടത്തരം, ചെറു വെടിയുണ്ടകൾ തുടങ്ങിയവ നിർമിക്കാനാകും.
ഡിആർഡിഒയ്‌ക്ക് കീഴിലുള്ള ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് കന്പനികൾക്ക് മാത്രമായിരുന്നു ആയുധനിർമാണത്തിന് അനുമതിയുണ്ടായിരുന്നത്. കരയിൽനിന്ന് തൊടുക്കാവുന്ന മിസെൈലുകളുടെയും നാവികസേനയുടെ ടോർപ്പിഡോകളും അടക്കം നിർമിച്ചിരുന്നത് ഇൗ കന്പനികളായിരുന്നു. ഇവയുടെ നിർമാണവും സ്വകാര്യമേലഖയ്‌ക്ക് നൽകിയേക്കും. ആത്മനിർഭർ ഭാരതിന്റെ പേരിലുള്ള നയംമാറ്റം സംബന്ധിച്ച വിവരം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയെ കത്തിലൂടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കേന്ദ്രസർക്കാർ കന്പനികൾക്ക് മാത്രമായി സായുധസേനകൾക്കുവേണ്ട പടക്കോപ്പുകൾ നിർമിക്കാനാകില്ലെന്ന ന്യായം പറഞ്ഞാണിത്. എന്നാൽ നിലവിലുള്ള ഓർഡനൻസ് ഫാക്‌ടറികളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള പദ്ധതികൾ കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്നുമില്ല.









0 comments