ad
Deshabhimani

ആയിരത്തോളം സ്വര്‍ണ്ണ ഇഷ്ടികകൾ കണക്കിലില്ല

അയോധ്യയിൽ എത്തിയ സ്വര്‍ണ്ണവും അമൂല്യ വസ്തുക്കളും എവിടെ; അന്വേഷണ സംഘം പരുങ്ങുന്നു

Ayodhya Temple Donation Row
വെബ് ഡെസ്ക്

Published on Jul 05, 2026, 12:57 PM | 4 min read

 ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച പണം മാത്രമല്ല സ്വർണ്ണാഭരണങ്ങളും അമൂല്യ വസ്തുക്കളും വ്യാപകമായി കവര്‍ച്ച ചെയ്യപ്പെട്ടു. ഇവ എങ്ങോട്ട് പോയെന്ന് കണ്ടെത്താനാവാതെ കുഴയുകയാണ് അന്വേഷണ സംഘം. മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനകൾ ഫലവത്തായില്ല എന്നാണ് വിശദീകരണം. ആഭരണങ്ങൾ തിരിച്ചറിയാതിരിക്കാൻ കുറ്റവാളികൾ അവ ഉരുക്കി രൂപമാറ്റം വരുത്തിയിരിക്കാം എന്ന് വിശദീകരിച്ച് ഒഴിയുകയാണ്. രാജ്യത്തുതന്നെ ഇതുവരെ കേട്ടുകേൾവിയില്ലാത്ത വലിയ ക്ഷേത്രക്കൊള്ളയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.


അയോധ്യയിലെ രാമക്ഷേത്ര നിർമാണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഭക്തർ സമർപ്പിച്ച, സ്വർണവും വെള്ളിയും വജ്രവും പതിപ്പിച്ച ആയിരത്തോളം "ശ്രീരാമ ശിലകൾ"കാണാതായെന്ന പുതിയ വെളിപ്പെടുത്തലാണ് ഇതിൽ പുതിയത്. ക്ഷേത്രത്തിലെ മുൻ അക്കൗണ്ട്സ് ഇൻ-ചാർജ് മഹിപാൽ സിംഗ് ഉന്നയിച്ച ഈ ആരോപണം ട്രസ്റ്റിനകത്തേക്കും അവരെ നയിച്ച രാഷ്ട്രീയ നേതൃത്വത്തിന് നേരെയുമാണ് ചൂണ്ടുന്നത്. കേവലം പണമിടപാടുകളിൽ ഒതുങ്ങിനിന്ന അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ്.


പക്ഷേ, കറൻസി നോട്ടുകൾ കടത്തിയ വിഷയത്തിൽ മാത്രമായി അന്വേഷണം പരുങ്ങി നിൽക്കുന്നു. പണമായി കവര്‍ന്നതിനെക്കാൾ അധികം മൂല്യമുള്ള വസ്തുക്കൾ സ്വര്‍ണ്ണവും വെള്ളിയും മറ്റ് ഉരുപ്പടികളുമായി നഷ്ടപ്പെട്ടിരിക്കാം എന്നത് ഉറപ്പാണ്. ഇത് നിലവിലുള്ള പ്രതികളിൽ ഒതുങ്ങുന്നതല്ല. നോട്ട് എണ്ണൽ നിര്‍വ്വഹിച്ചിരുന്നവര്‍ക്ക് മുകളിലേക്ക് അന്വേഷണം എത്തിയാൽ മാത്രമാവും ഇവ പുറത്തു വരിക. എന്നാൽ കേന്ദ്ര സംസ്ഥാന ഭരണ നേതൃത്വത്തിലേക്കും ആര്‍ എസ് എസ് ഉൾപ്പെടെ സംഘപരിവാര്‍ സംഘടനകളുടെ ഉന്നതരിലേക്കും അന്വേഷണം എത്തുന്നത് കാലങ്ങളായി തുടങ്ങിയ വെട്ടിപ്പുകളുടെ രാഷ്ട്രീയ ബന്ധങ്ങൾ ഉരുക്കഴിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇത് താങ്ങാവുന്നതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ദ്വന്ദവും യോഗി ആദിത്യനാഥും തമ്മിലുള്ള രാഷ്ട്രീയ വടംവലികളും അന്വേഷകര്‍ക്ക് വെല്ലുവിളിയാണ്. അവര്‍ വിശ്വാസം ചൂഷണം ചെയ്തും വിദ്വേഷം വിതച്ചും തീര്‍ത്ത സിംഹാസനങ്ങളെ ശരിയായ അന്വേഷണം കടപുഴക്കാം.


Modi Ayodhya 2020


ഇപ്പോൾ സ്വര്‍ണ്ണം ഉരുക്കിയതായിരിക്കാം എന്ന നിമഗനം അവതരിപ്പിക്കയും നോട്ട് കെട്ടുകൾ നഷ്ടപ്പെട്ടത് എന്ന നിലിയിലേക്ക് കേസും അന്വേഷണവും കേന്ദ്രീകരിക്കയുമാണ്. ട്രസ്റ്റിനകത്ത് സര്‍വ്വാധികാരികളായി വാണിരുന്ന ഉന്നതര്‍ ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്. നോട്ട് എണ്ണൽ സംഘത്തിന്റെ തട്ടിപ്പും അവരുടെ ആ‍ഢംബര ജീവിതവുമായി വാര്‍ത്തകൾ കേസിന്റെ ഉപരിതലത്തിൽ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കുന്നു. രാമ ക്ഷേത്രത്തിന്റെ പേരിൽ ഭൂമി ഏറ്റെടുക്കൽ മുതൽ ലോകം മുഴുവൻ പ്രചാരണം നടത്തി സംഭവാന പിരിച്ചതിന്റെ വരെ കൊള്ളകൾ 'വെറും കഥകൾ' മാത്രമാക്കി മാറ്റുന്നു.


പ്രതികൾ പറയുന്നു

ഞങ്ങൾ മാത്രമല്ല


അറസ്റ്റിലായ പ്രതികളുടെ കുടുംബാംഗങ്ങൾ തന്നെ അന്വേഷണത്തിലെ വിവേചനത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഫൈസാബാദ് ബാര്‍ അസോസിയേഷൻ ട്രസ്റ്റ് അംഗങ്ങൾക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതും വാര്‍ത്തയായി.


പ്രതിദിനം 6 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ തട്ടിയെടുത്തിരുന്നതായാണ് കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഇത് അന്വേഷണ നടപടികൾ ആരംഭിച്ചതോടെ ബാങ്കിൽ എത്തിയ തുകയിലെ വ്യത്യാസം കണക്കാക്കിയുള്ള വെളിപ്പെടുത്തലാണ്. എന്നാൽ കുഭമേള പോലുള്ള വിശേഷാവസരങ്ങളിൽ ഇതിന്റെ പതിൻമടങ്ങ് കാണിക്കകൾ എത്താറുണ്ട്. സ്വര്‍ണ്ണവും വെള്ളിയും രത്നങ്ങളും ഉൾപ്പെടെ അമൂല്യ വസ്തുക്കളും എത്താറുണ്ട്. ക്രമേണ ഇവയെല്ലാം അന്വേഷണത്തിന് പുറത്തായ സാഹചര്യമായി.


ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പണമായി ലഭിച്ചതിൽ മോഷണം കഴിഞ്ഞ് അവശേഷിച്ച വരുമാനം കൃത്യമായി വിലയിരുത്താറുണ്ടായിരുന്നു. എന്നാൽ സ്വർണം, വെള്ളി എന്നിവയുടെ മൂല്യത്തെക്കുറിച്ചോ അവയുടെ ശേഖരത്തെക്കുറിച്ചോ വിവരങ്ങൾ യോഗങ്ങളിൽ ചർച്ച ചെയ്തിരുന്നില്ല. ക്ഷേത്രത്തിന് ഏകദേശം 13 ക്വിന്റൽ വെള്ളിയും 20 കിലോ സ്വർണ്ണവും ലഭിച്ചിട്ടുണ്ടെന്ന് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് തന്നെ നേരത്തെ ഒരിക്കൽ പറഞ്ഞിരുന്നു. ഇത് ഒരു സീസണിലെ കണക്ക് മാത്രമാണ്. ഇവയിൽ തന്നെ ബാങ്കുകളിലേക്ക് അയച്ച കണക്ക് രഹസ്യമായി തുടരുകയാണ്. ഈ കണക്കുകളിലെ വിടവുകൾ പുറത്തായാൽ കൂടുതൽ ഉന്നതര്‍ കുരുക്കിനകത്ത് വരും.


അക്കൗണ്ടന്റ് അന്നേ പറഞ്ഞു

ആയിരത്തോളം സ്വര്‍ണ ഇഷ്ടികകൾ

കാണാനില്ല


സ്വർണവും വെള്ളിയും വജ്രവും പതിപ്പിച്ച ആയിരത്തോളം "ശ്രീരാമ ശിലകൾ" കാണാതായെന്ന വെളിപ്പെടുത്തൽ ക്ഷേത്രത്തിലെ മുൻ അക്കൗണ്ട്സ് ഇൻ-ചാർജ് മഹിപാൽ സിംഗ് നേരിട്ടാണ് നടത്തിയത്. ഇദ്ദേഹത്തിനെതിരെ അന്നു തന്നെ പ്രതികാര നടപടികൾ തുടങ്ങി വെച്ചിരുന്നു. അധികാരവും പണവും ചേര്‍ന്ന വലിയ കൂട്ടുകെട്ട് രഹസ്യങ്ങൾ അറിയുന്നവരെ ഭീതിയുടെ മൗനത്തിനകത്ത് തളച്ചു. സ്ഥിരം മോഷ്ടാക്കൾ തമ്മിൽ തല്ലിയതോടെയാണ് ഇപ്പോൾ വാര്‍ത്തകളിൽ നിറയുന്ന കൊള്ള പുറത്തായത്.


1987-നും 1989-നും ഇടയിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തിയ കാമ്പയിനിലൂടെയാണ് ശ്രീരാമ ശിലകൾ ശേഖരിച്ചത്. ഇന്ത്യയിലെ രണ്ട് ലക്ഷത്തിലധികം ഗ്രാമങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ള ഭക്തർ 'ശ്രീരാം' എന്ന് വിവിധ ഭാഷകളിൽ എഴുതിയ ഇഷ്ടികകൾ സംഭാവന ചെയ്തിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തത് വരെ എത്തിച്ച രാഷ്ട്രീയ നീക്കങ്ങളുടെ ലോക വ്യാപകമായ സംഘടിത പ്രചരാണത്തിന്റെ ഭാഗവുമായിരുന്നു ശിലാ ശേഖരണം. ക്ഷേത്ര മാതൃകവരെ കാണിച്ചാണ് പണം പിരിക്കുകയും വൈകാരിക അന്തരീക്ഷം ഒരുക്കുകയും ചെയ്തത്.


ayodhya model


സാധാരണ ഇഷ്ടികകൾക്ക് പുറമെ, സമ്പന്നരായ ഭക്തരും സംഘടനകളും സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവ പതിപ്പിച്ച ശിലകളും സമർപ്പിച്ചിരുന്നു. ഇതിൽ മൊറീഷ്യസിൽ നിന്ന് സംഭാവനയായി ലഭിച്ച സ്വർണം പൂശിയ ശിലയും, മുംബൈയിലെ ഒരു വ്യവസായി നൽകിയ വജ്രം പതിപ്പിച്ച ശിലയും ഉൾപ്പെടുന്നു. ഇവയിപ്പോൾ കണക്കിലോ ഖജാനകളിലോ കാണാനില്ല. എവിടെ എന്നതിനോ ഇവയുടെ ഒക്കെയും ഉത്തരവാദി ആരാണെന്നതിനോ ഉത്തരമില്ല. അന്ന് ഒരുമിച്ചുണ്ടായിരുന്ന ശിവസേന വരെ തങ്ങളുടെ സംഭാവനകൾ കണക്കിൽ കാണുന്നില്ലെന്ന് വിളിച്ചു പറഞ്ഞു.


മുൻ ബിജെപി എം പി ബ്രിജ് ഭൂഷൺ ശരൺ സിംഗ് തനിക്ക് ക്രമക്കേടുകളെക്കുറിച്ച് അറിയാമായിരുന്നെന്നും എന്നാൽ അത് പരസ്യമായി പറയുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നതിനാൽ നിശ്ശബ്ദത പാലിക്കയായിരുന്നു എന്നും പരസ്യമായി പ്രതികരിച്ചു.


തട്ടിപ്പിന്റെ പാഠങ്ങൾ

മുകളിൽ നിന്ന് താഴേക്ക്


2024 ജനുവരിയിലെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം കോടിക്കണക്കിന് രൂപയുടെ പണവും സ്വർണ്ണവും അമൂല്യ വസ്തുക്കളുമാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. രാഷ്ട്രീയ അധികാരം പിടിക്കുന്നതിനുള്ള ഒരു വിഷയ കേന്ദ്രം മാത്രമായിരുന്നു അയോധ്യ. അധികാരം കയ്യിലായതോടെ ആവശ്യമായ സമയത്ത് അന്ന് സൃഷ്ടിച്ചെടുത്ത വൈകാരികത പതിവു പോലെ ഉപയോഗപ്പെടുത്തി വന്നു. അധികാരവും പണവുമായി ഓരോ നിര മുന്നേറി. ഇത് മനസിലായതോടെ താഴെ തട്ടിലുള്ള സാധാരണ ജീവനക്കാര്‍ വരെ അവസരം പരമാവധി നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ പഠിച്ചു. ക്രമേണ ഒരു കൊള്ള സംഘമായി സാഹചര്യങ്ങൾ രൂപപ്പെട്ടു. ഇതിന് നടുവിലാണ് സംസ്ഥാന തലത്തിൽ രൂപീകരിച്ച ഒരു വെറും എസ്ഐടി സംഘം അന്വേഷണ ഉത്തവാദിത്തവുമായി അന്തിച്ച് നിൽകുന്നത്.


Related News











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home