തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു: കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി : യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്താണ് കൊലപാതകം. സുരേഷ് (അപ്പു- 52), കിഷൻ (22) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്. ബോബി സിംഗ് എന്ന പിയൂഷ് (18) ആണ് കൊല്ലപ്പെട്ടത്. പ്രതികളും പിയൂഷും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ പിയൂഷ് പ്രതികളിലൊരാളെ അടിച്ചെന്ന് ആരോപിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിയൂഷിന്റെ വയറിലും കാലുകളിലും പലതവണ കുത്തിയതായി പൊലീസ് പറഞ്ഞു.
ജൂൺ 17 ന് വൈകിട്ടാണ് ജി-ബ്ലോക്കിൽ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട് ചെയ്തുകൊണ്ട് ജഹാംഗീർപുരി പൊലീസ് സ്റ്റേഷനിലേക്ക് ഫോൺകോൾ ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഭീഷം സിംഗ് പറഞ്ഞു. പ്രദേശവാസികൾ കുത്തേറ്റ പിയൂഷിനെ ബിജെആർഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 9 മണിയോടെ മരിച്ചു.
പിയൂഷിന് കുത്തേറ്റ ദിവസം മോട്ടോർ സൈക്കിളിൽ മുഖംമൂടി ധരിച്ച മൂന്ന് പേർ പ്രദേശത്ത് ചുറ്റിക്കറങ്ങുകയും കിഷൻ, ആനന്ദ് എന്നീ രണ്ട് നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തതായി പീയൂഷിന്റെ സുഹൃത്ത് ജിതേന്ദർ പൊലീസിനോട് പറഞ്ഞിരുന്നു. അവരുടെ സാന്നിധ്യത്തിൽ സംശയം തോന്നിയ ജിതേന്ദർ പീയൂഷിനെ വിവരമറിയിച്ചു, തുടർന്ന് ഇരുവരും കിഷനുമായി സംസാരിച്ചെന്ന് പൊലീസ് പറയുന്നു. സംസാരം തർക്കത്തിലെത്തുകയും പീയുഷ് കിഷനെ അടിക്കുകയുമായിരുന്നു. പ്രതികളിലൊരാളായ സുരേഷ് കുമാറിന്റെ വീടിന് പുറത്തുവച്ചായിരുന്നു സംഭവം.
പീയൂഷ് പ്രദേശത്തുകൂടെ അമിതവേഗത്തിൽ സ്കൂട്ടർ ഓടിച്ചതിന് മുമ്പും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് സുരേഷും കിഷനും കൗമാരക്കാരനും കൂടി പിയൂഷിനെ കുത്തുകയായിരുന്നു. തുടർന്ന് ഇന്നലെ പൊലീസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് കിഷനെയും കൗമാരക്കാരനെയും പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.









0 comments