തൊഴിലുറപ്പ് പദ്ധതി ; ചെലവിടാന്‍ പരിധി നിശ്ചയിച്ച് കേന്ദ്രം

ന്യൂഡൽഹി
ദേശീയ ഗ്രാമീണ പദ്ധതിക്ക് ആദ്യമായി ചെലവിടലിന് പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. വാർഷിക വിഹിതത്തിന്റെ 60 ശതമാനം മാത്രമേ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ചെലവഴിക്കാൻ പാടുള്ളൂ എന്നാണ് നിർദേശം. തൊഴിലുറപ്പ് ഇനിമുതൽ പ്രതിമാസ/പാദവാർഷിക ചെലവ് പദ്ധതിയുടെ കീഴിൽ വരുമെന്ന് ധനകാര്യ മന്ത്രാലയം ഗ്രാമവികസന മന്ത്രാലയത്തെ അറിയിച്ചു.
പദ്ധതിയെ നേരത്തെ ചെലവഴിക്കൽ പരിധികളിൽനിന്ന് ഒഴിവാക്കിയിരുന്നു. പരിധി വർധിപ്പിക്കണമെന്ന ഗ്രാമവികസന മന്ത്രാലയത്തിന്റെ ആവശ്യവും ധനകാര്യ മന്ത്രാലയം നിരാകരിച്ചു. ഇതോടെ, സെപ്തംബർ വരെ 51,600 കോടി രൂപ മാത്രമായിരിക്കും പദ്ധതിക്ക് സർക്കാർ അനുവദിക്കുക. 86,000 കോടി രൂപയാണ് 2025–-26 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം. നിലവിൽ, 24,485 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 21,000 രൂപയുടെ കുടിശ്ശിക നിലനിൽക്കുന്നതിനാൽ, ചെലവഴിക്കലിന് പരിധി വരുന്നത് പുതിയ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിൽ തടസ്സമാകുമെന്നാണ് വിലയിരുത്തൽ. ഈ വർഷം 198.86 കോടി വ്യക്തിഗത തൊഴിൽ ദിനങ്ങൾക്കുള്ള ബജറ്റാണ് സർക്കാർ അനുവദിച്ചത്. 15 ദിവസത്തിനകം വേതനം നൽകണമെന്ന് വ്യവസ്ഥയുള്ളപ്പോൾ ഇത്രയും അധികം കുടിശ്ശിക എങ്ങനെ വന്നെന്നും ധനകാര്യ മന്ത്രാലയം ഗ്രാമവികസന മന്ത്രാലയത്തോട് ചോദിച്ചു.









0 comments