print edition വൈഷ്‌ണോ ദേവി മെഡിക്കൽ കോളേജിൽ 42 മുസ്ലിം വിദ്യാർഥികൾ ; കോഴ്‌സ് അംഗീകാരം പിൻവലിച്ച് ദേശീയ മെഡിക്കൽ കമീഷൻ

ന്യൂഡൽഹി
കശ്‌മീരിൽനിന്നുള്ള 42 മുസ്ലിം വിദ്യാർഥികൾ പ്രവേശനം നേടിയതിനെ തുടർന്ന് ജമ്മുവിലെ മാതാ വൈഷ്‌ണോദേവി മെഡിക്കൽ കോളേജിലെ 2025–26 വർഷത്തെ എംബിബിഎസ് കോഴ്‌സിനുള്ള അംഗീകാരം ദേശീയ മെഡിക്കൽ കമീഷൻ പിൻവലിച്ചു.
എംബിബിഎസ് കോഴ്സിനാവശ്യമായ നിലവാരം സ്ഥാപനത്തിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആകെയുള്ള 50 സീറ്റിലാണ് കശ്‌മീരിൽനിന്നുള്ള 42 കുട്ടികൾ നീറ്റ് പരീക്ഷാമാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയത്. പ്രവേശനം നേടിയ വിദ്യാർഥികളെ ജമ്മു കശ്‌മീർ കേന്ദ്രഭരണ പ്രദേശത്തെ മറ്റ് മെഡിക്കൽ കോളേജുകളിലായി പ്രവേശനം നൽകാൻ മെഡിക്കൽ കമീഷൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി.
വൈഷ്‌ണോദേവി മെഡിക്കൽ കോളേജിൽ മുസ്ലിം വിദ്യാർഥികൾ പ്രവേശനം നേടിയതിനെതിരായി ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വൈഷ്‌ണോദേവി തീർഥാടകരുടെ സംഭാവനകൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മുസ്ലിം വിദ്യാർഥികൾക്ക് പ്രവേശനം നൽകരുതെന്ന നിലപാടാണ് ബിജെപിയും സംഘപരിവാറും സ്വീകരിച്ചത്.
സംഘപരിവാർ സംഘടനകളുടെ പ്രതിഷേധങ്ങളെയും പരാതികളെയും തുടർന്ന് ദേശീയ മെഡിക്കൽ കമീഷൻ കോളേജിൽ പരിശോധനയ്‌ക്ക് എത്തുകയും കോളേജിന് ആവശ്യമായ നിലവാരമില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. തുടർന്നാണ് കോഴ്സ് റദ്ദാക്കിയത്. മെഡിക്കൽ കമീഷൻ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്‌തു.










0 comments