കൂട്ടപ്പിരിച്ചുവിടൽ: 19ന് ടിസിഎസ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം

ന്യൂഡൽഹി : രാജ്യത്തെ വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തെ ശക്തമായി അപലപിച്ച് സിഐടിയു. ടിസിഎസിന്റെ നീക്കം 12,000ത്തോളം ജീവനക്കാരെ പ്രതികൂലമായി ബാധിക്കും.
2024 –25 സാമ്പത്തിക വർഷം ടിസിഎസ് ആറ് ശതമാനം വാർഷിക വളർച്ച നേടിയ അവസരത്തിലാണ് ആയിരക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കുന്ന നടപടി. വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. സർക്കാരും ടിസിഎസും ട്രേഡ്‌യൂണിയനുകളും കക്ഷികളാക്കി യോഗം വിളിക്കാൻ തയ്യാറാകണം.
ടിസിഎസിന് എതിരെ ഇൻഡസ്‌ട്രിയൽ ഡിസ്‌പ്യൂട്സ് ആക്‌ട് പ്രകാരം നടപടി സ്വീകരിക്കണം. എല്ലാ ഐടി തൊഴിലാളികളും അനുബന്ധ യൂണിയനുകളും 19ന് ടിസിഎസ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും സിഐടിയു ആഹ്വാനം ചെയ്‌തു.








0 comments