print edition ദ്രോഹിക്കാനുറച്ച് കേന്ദ്ര സര്‍ക്കാർ; ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ പാചകവാതകമില്ല

സ്വന്തം ലേഖിക
Published on Aug 05, 2026, 12:00 AM | 1 min read
തിരുവനന്തപുരം: ഇകെവൈസി (ഇലക്‌ട്രോണിക് നോ യുവർ കസ്‌റ്റമർ) പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് 16 മുതൽ ഗാർഹിക നിരക്കിൽ ഗ്യാസ് സിലിണ്ടർ ലഭിക്കില്ല. മതിയായ സാവകാശം നൽകാതെ, പ്രായമായവർക്കും സാങ്കേതികപരിജ്ഞാനം ഇല്ലാത്തവർക്കും ബദൽ മാർഗം കാര്യക്ഷമമാക്കാതെയാണ് നടപടി. 15നകം ഇകെവൈസി പൂർത്തിയാക്കണമെന്ന അറിയിപ്പ് ഉപഭോക്‌താക്കൾക്ക് ലഭിച്ചു. ഇന്ത്യൻ, എച്ച്‌പി, ഭാരത് തുടങ്ങിയ എല്ലാ കമ്പനികളും ഇതിലുൾപ്പെടും.
2024ലാണ് ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഇകെവൈസി പൂർത്തിയാക്കണമെന്ന ഉത്തരവിറക്കിയത്. ഇത് നിർബന്ധമല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷവും ചെയ്‌തിരുന്നില്ല. ഗ്യാസ് വില കുത്തനെ കൂട്ടിയും സബ്‌സിഡി വെട്ടിക്കുറച്ചുമുള്ള ദ്രോഹത്തിന് പിന്നാലെയാണ് പുതിയ നിബന്ധന. പിഎം ഉജ്വൽ യോജന അടക്കം ഗ്യാസ് സബ്‌സിഡി ലഭിക്കുന്ന പദ്ധതികളിലെ ഉപഭോക്‌താക്കളെ വെട്ടിക്കുറയ്‌ക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഉത്തരവ്. നിലവിൽ ഇകെവൈസി പൂർത്തിയാക്കിയവർക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. കണക്‌ഷൻ ഉടമ മരിച്ചാൽ ഉടമസ്ഥാവകാശം മാറ്റി പ്രകിയ പൂർത്തീകരിക്കാൻ സമയം വേണ്ടി വരും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുപോലും പരിഗണിക്കാതെയാണ് നടപടി.
വിതരണ കമ്പനികളുടെ ആപ്ലിക്കേഷനും ആധാർ ഫേസ് ആർഡി ആപ്ലിക്കേഷനും ഉപയോഗിച്ച് ഓൺലൈനായോ ബന്ധപ്പെട്ട ഗ്യാസ് വിതരണ ഏജൻസിയിൽ നേരിട്ടെത്തിയോ ഡെലിവറി ഏജന്റുമാർ വഴിയോ ഇകെവൈസി പൂർത്തിയാക്കാം.










0 comments