പ്രണയാഭ്യർഥന നിരസിച്ചു: തമിഴ്നാട്ടിൽ മലയാളി വിദ്യാർഥിയെ വീട്ടിൽ കയറി കൊലപ്പെടുത്തി

പ്രതീകാത്മകചിത്രം
പൊള്ളാച്ചി : തമിഴ്നാട് പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ മലയാളി വിദ്യാർഥിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. വടുകപ്പാളയം പൊൻമുത്തു നഗറിൽ താമസിക്കുന്ന മലയാളി കുടുംബാംഗമായ കെ അഷ്‍വിക (19) യാണ് കൊല്ലപ്പെട്ടത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിഎസ്‍സി വിദ്യാർഥിയാണ് അഷ്‍വിക. സംഭവത്തിൽ ഉദുമൽപേട്ട റോഡ് അണ്ണാനഗർ സ്വദേശി പ്രവീണിനെ അറസ്റ്റ് ചെയ്തു. കൃത്യത്തിനു ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ.
ഇന്ന് രാവിലെ 9.30ഓടെ പൊൻമുത്തു നഗറിലുള്ള വീട്ടിൽ വച്ചാണ് അഷ്‍വിക കൊല്ലപ്പെട്ടത്. മാതാപിതാക്കൾ ജോലിക്ക് പോയതിനാൽ വീട്ടിൽ അഷ്‍വിക മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മനസിലാക്കിയാണ് പ്രതി പ്രവീൺ വീട്ടിൽ അതിക്രമിച്ചു കയറിയത്. വീട്ടിലെത്തിയ പ്രതി അഷ്‍വികയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് മുറിച്ച പ്രതി കഴുത്തിലും നെഞ്ചിലും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അഷ്‍വികയെ രക്ഷിക്കാനായില്ല.
സംഭവശേഷം കടന്നുകളഞ്ഞ പ്രവീൺ പിന്നീട് വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് പ്രവീൺ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് താമസിച്ചിരുന്നു. ഈ സമയത്ത് പ്രവീൺ പ്രണയാഭ്യർഥന നടത്തിയിരുന്നു. തുടർന്ന് നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടി സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളുമൊത്തുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കുറച്ചു ദിവസം മുമ്പ് സമാനമായ രീതിയിൽ 15കാരിയും കൊല്ലപ്പെട്ടിരുന്നു. പത്താം ക്ലാസ് വിദ്യാർഥിനിയായ ജാൻവിയെയാണ് വീട്ടിൽ അതിക്രമിച്ചു കയറിയയാൾ കൊലപ്പെടുത്തിയത്. റാണിപ്പേട്ട് ജില്ലയിലെ പുളിവാളം വില്ലേജിലായിരുന്നു സംഭവം. ആക്രമത്തിൽ ജാൻവിയുടെ സഹോദരിക്കും പരിക്കേറ്റു.









0 comments