ഓടിച്ചത് ഒരു ലക്ഷം രൂപയുടെ ബൈക്ക്; ഹെൽമറ്റില്ലാത്തതിന് വന്നത് 21 ലക്ഷം രൂപയുടെ ചലാൻ

മുസഫർനഗർ: ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത സ്കൂട്ടർ യാത്രികന് ലഭിച്ചത് 20 ലക്ഷത്തിന്റെ പിഴ. യുപിയിലെ മുസഫർനഗറിലെ യുവാവിനാണ് 20,74000 രൂപയുടെ ചലാൻ വന്നത്. ഏകദേശം ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്കൂട്ടറിനാണ് ഇത്രയും ഭീമമായ തുക പിഴയായി വന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലെ ന്യൂ മാണ്ഡി ഏരിയയിലാണ് സംഭവം. ഹെൽമെറ്റ് ധരിക്കാതെ എത്തിയ അൻമോൾ സിംഗ്ഹാളിനെ പതിവ് വാഹന പരിശോധനയ്ക്കിടെ പൊലീസ് തടയുകയായിരുന്നു. ഹെൽമെറ്റ് ഇല്ല എന്നതിനു പുറമെ വാഹനത്തിന്റെ ആവശ്യമായ രേഖകളും ബൈക്കുടമയുടെ പക്കൽ ഇല്ലായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തുടർന്ന് പൊലീസ് യുവാവിന്റെ സ്കൂട്ടർ പിടിച്ചെടുക്കുകയും 20,74,000 രൂപയ്ക്ക് ചലാൻ നൽകുകയും ചെയ്തു. ഭീമമായ ഈ തുക കണ്ട് ഞെട്ടിയ യുവാവ് ചലാന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. ഇത് വലിയ ചർച്ചകൾക്ക് വഴി വെക്കുകയും ചെയ്തു. ഇതോടെ പൊലീസ് പിഴ തുക 4,000 രൂപയായി തിരുത്തുകയായിരുന്നു.
ചലാൻ തുകയിൽ വന്ന പിഴവ് ചലാൻ നൽകിയ സബ് ഇൻസ്പെക്ടറുടെ ടൈപ്പിംഗിലുണ്ടായ തെറ്റുമൂലമാണെന്ന് മുസഫർനഗർ എസ്പി അതുൽ ചൗബെ അറിയിച്ചു.
വാഹനരേഖകൾ ഇല്ലാത്ത സാഹചര്യങ്ങളിൽ വാഹനം പിടിച്ചെടുക്കാൻ പൊലീസിന് അധികാരം നൽകുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 207 ആണ് ഈ കേസിൽ ചുമത്തിയത്. "എന്നാൽ ചലാൻ നൽകിയ സബ് ഇൻസ്പെക്ടർ 'എംവി ആക്ട് 207' എന്ന് കൃത്യമായി കൊടുക്കാൻ വിട്ടുപോയി. അങ്ങനെയാണ് 207 എന്ന നമ്പറും ചലാൻ തുകയായ 4000 രൂപയും ചേർന്ന് 2074000 എന്ന തുക പിഴയായി വന്നത്. യഥാർത്ഥത്തിൽ 4,000 രൂപ മാത്രമാണ് ഇദ്ദേഹം അടയ്‌ക്കേണ്ട പിഴയെന്നും എസ്പി സ്ഥിരീകരിച്ചു.









0 comments