വേദനയറിഞ്ഞ്, കണ്ണീരൊപ്പി...
അവർ പഠിച്ച് വളരട്ടെ ; കരൂരിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തുടർപഠനം ഉറപ്പാക്കി സിപിഐ എം

കരൂർ ദുരന്തത്തിൽ അമ്മയെ നഷ്ടപ്പെട്ട ശക്തിവേലിനെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആശ്വസിപ്പിക്കുന്നു. കെ രാധാകൃഷ്ണൻ എംപി, പൊളിറ്റ്ബ്യൂറോ അംഗം യു വാസുകി, വി ശിവദാസൻ എംപി എന്നിവർ സമീപം ഫോട്ടോ: ശരത് കൽപ്പാത്തി

സി വി രാജീവ്
Published on Oct 04, 2025, 03:35 AM | 2 min read
കരൂർ
‘ഇവന്റെ നിലച്ച പഠനം പാർടി ഏറ്റെടുക്കുന്നു. ശക്തിവേൽ പാർടിയുടെ മകനാണ്’ തന്നെ ആശ്വസിപ്പിക്കാനെത്തിയ സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബിയുടെ വാക്കുകൾ ശക്തിവേലിന് പുതുശ്വാസമായി. ചേർത്തുപിടിച്ച കരങ്ങളും പ്രസ്ഥാനമേകുന്ന കരുതലും അവന് പ്രത്യാശയേകി. ടിവികെ പ്രസിഡന്റ് നടൻ വിജയ് 27ന് കരൂർ വേലുച്ചാമിപുരത്ത് നടത്തിയ റാലിക്കിടെ മരിച്ച ചന്ദ്രയുടെ മകനാണ് ശക്തിവേൽ(15). ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കാൻ വെള്ളിയാഴ്‌ച ഏമൂർ പുതൂരിലെ വീടുകളിൽ എത്തിയപ്പോഴാണ് എം എ ബേബി ശക്തിവേലിനെ കണ്ടത്.
ഒന്പതാംക്ലാസിൽ പഠനം നിർത്തി--യ ശക്തിവേൽ അമ്മയ്‌ക്കൊപ്പം പകൽ 11നാണ് കരൂരിലെ റാലി സ്ഥലത്തേക്ക് ഗ്രാമത്തിലെ മറ്റുള്ളവർക്കൊപ്പം എത്തിയത്. ഏഴുമണിക്കൂർ കാത്തുനിന്നു. ‘‘അമ്മ തിരക്കിലേക്ക് പോയി. ഞാൻ മുനികോവിലിനുള്ളിൽനിന്നു. ആൾക്കൂട്ടം പിന്നിൽനിന്ന് തള്ളി. പിന്നീട് രാത്രി അപ്പായ്‌ക്ക് പൊലീസിന്റെ ഫോൺ വന്നപ്പോഴാണ് അമ്മ മരിച്ചതായി അറിഞ്ഞത്’’–ശക്തിവേൽ പറഞ്ഞു.അച്ഛൻ ശെൽവരാജും സഹോദരൻ സതീഷും കൂടെയുണ്ട്.
ആൾക്കൂട്ടത്തിൽ ഞെരിഞ്ഞമർന്ന് ജീവൻ നഷ്‌ടമായ ഒന്പതുവയസ്സുകാരൻ പ്രിഥികിന്റെ അമ്മ ശർമിളയ്‌ക്കും സിപിഐ എം തണലൊരുക്കും. എട്ടുവർഷം മുന്പ് ഭർത്താവ് ഉപേക്ഷിച്ചതോടെ ഒറ്റയ്‌ക്കായ ശർമിള മകനൊപ്പമാണ് കഴിഞ്ഞത്. വിവാഹശേഷം പഠനം നിർത്തേണ്ടിവന്ന ഇവരുടെ ബിബിഎ തുടർപഠനം പാർടി ഏറ്റെടുത്ത് അവരെ ജോലിക്കും പുതുജീവിതത്തിനും പ്രാപ്‌തയാക്കുമെന്നും എം എ ബേബി പറഞ്ഞു.
വേദനയറിഞ്ഞ്, കണ്ണീരൊപ്പി...
‘‘മനസ്സ് കല്ലായിരുക്ക്. ഇപ്പിടി നടക്കുമെന്ന് തെരിഞ്ഞാ യെതുവെ പോകാതെ. കച്ചിയൊന്നും ഏതുമില്ലമാ’’–കരൂർ വേലുച്ചാമിപുരത്ത് വിജയ്‌യുടെ റാലിക്കിടെ മരിച്ച ഒന്നരവയസ്സുകാരൻ ധ്രുവ് വിഷ്‌ണുവിന്റെ പിതൃസഹോദരി ലല്ലിക്ക് കണ്ണീർ അടക്കാനാകുന്നില്ല. കുഞ്ഞിനെ ലല്ലിയാണ് വിജയ്‌യെ കാണാൻ കൊണ്ടുപോയത്. ധ്രുവിനെ തന്റെ കയ്യിൽനിന്നും നഷ്‌ടപ്പെട്ടതിന്റെ വേദനയിൽ ലല്ലി ആ ദുരന്തദിനം സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബിയോട് വിവരിച്ചു. വിജയിന്റെ പാട്ടുകേട്ടാൻ അവൻ കാലാട്ടും. ആ ഇഷ്ടമാണ് റാലിക്കുപോകാൻ കാരണമെന്ന് വിതുന്പിക്കൊണ്ട് ലല്ലി പറഞ്ഞു.
റാലി നടന്നതിന്റെ തൊട്ടടുത്ത് ഇന്ദിരാനഗറിലാണ് ലല്ലിയുടെ വീട്. എന്ത് പ്രശ്‌നമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് സിപിഐ എം നേതാക്കൾ അവർക്ക് ഉറപ്പുനൽകി.
കൂലിപ്പണിക്കാരനായ വിമൽ–മാതേശ്വരി ദന്പതികളുടെ ഏക മകനായിരുന്നു ധ്രുവ് വിഷ്‌ണു.
ദുരന്തത്തിൽ മരിച്ച ഏരൂർ പുതൂരിലെ അറ്‌ക്കാണി, പ്രിയദർശിനി(37), മകൾ ധരണിക(14) എന്നിവരുടെ വീടുകളിലും എം എ ബേബിയെത്തി. പ്രിയദർശിനിയുടെ ഭർത്താവ് ശക്തിവേൽ അപകടസ്ഥലത്തുനിന്ന് കിട്ടിയ ഭാര്യയുടെ ബാഗെടുത്ത് കാണിക്കുന്പോൾ ഏവരുടെയും ഉള്ളംപൊള്ളി.
ശിവശക്തിനഗറിൽ അമ്മയും രണ്ട് മക്കളും നഷ്ടപ്പെട്ട വീട്ടിലെത്തുന്പോൾ വെയിലിനേക്കാൾ പൊള്ളുന്ന മനസ്സുമായിരിക്കുകയാണ് ആനന്ദജ്യോതി. ഭാര്യ ഹേമലത(28), മക്കളായ സായിലക്ഷ്‌ണ(10), സായി ജീവ(നാല്) എന്നിവരെക്കുറിച്ച് ആനന്ദജ്യോതി കണ്ണീരുതോരാതെ പറഞ്ഞുകൊണ്ടിരുന്നു.
വെള്ളി രാവിലെ ഒന്പതിന് വേലുച്ചാമിപുരത്ത് സംഭവസ്ഥലത്താണ് നേതാക്കൾ ആദ്യമെത്തിയത്.
പരിക്കേറ്റ് കരൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പതിനാലുകാരൻ മദീസിനെയും സന്ദർശിച്ചു.
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം യു വാസുകി, കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ എം പി, രാജ്യസഭാംഗം വി ശിവദാസൻ, ദിണ്ഡിഗൽ ലോക്‌സഭാംഗം ആർ സച്ചിതാനന്ദം, നാഗപട്ടണം എംഎൽഎ വി പി നാഗൈമാലി, സംസ്ഥാനകമ്മിറ്റിയംഗം എസ് ബാല, കരൂർ --ജില്ലാ സെക്രട്ടറി എം ജ്യോതിബാസു എന്നിവർ ഒപ്പമുണ്ടായി.









0 comments