രാഹുൽഗാന്ധി കേരളത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികൾ ആദ്യം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കട്ടെ: ബൃന്ദ കാരാട്ട്

റാഞ്ചി: രാഹുൽഗാന്ധി കേരളത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികൾ ആദ്യം തെലങ്കാനയിലും കർണാടകയിലും നടപ്പാക്കട്ടെയെന്ന് മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. രാഹുൽഗാന്ധി നിലവിൽ കോൺഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ അതെല്ലാം ആദ്യം നടപ്പിലാക്കി കാണിക്കട്ടെയെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
കേരളത്തിലെ സിപിഐഎമ്മിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ അഭിപ്രായങ്ങൾ കേരളത്തിലെ ജനങ്ങൾ 100% നിരസിക്കുമെന്നും അഭിപ്രായങ്ങൾ എത്ര അസംബന്ധമാണെന്ന് കേരളത്തിലെ ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകൾ എത്രത്തോളം തെറ്റാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ ഗാന്ധിയുടെ ‘ഇൻഷുറൻസ് ഗ്യാരന്റി’ കേരളത്തിന് ആവശ്യമില്ലെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസകും വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിക്ക് കേരളത്തിൻ്റെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് ധാരണയില്ല എന്നത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസിലൂടെ ആരോഗ്യ സേവനം ഉറപ്പുവരുത്തലല്ല കേരളത്തിന്റെ മാതൃകയെന്നും മറിച്ച് ബ്രിട്ടനിലെ എൻഎച്ച്എസ് പോലെ പൊതു ആരോഗ്യ സംവിധാനത്തിലൂടെ എല്ലാവർക്കും സേവനം ഉറപ്പു വരുത്തുകയാണ് കേരളത്തിന്റെ മാതൃകയെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
കേരളത്തിലെ യഥാർഥ വികസന പ്രശ്നങ്ങളെക്കുറിച്ചു ഒരു ധാരണയുമില്ലാതെ എഴുതിക്കൊടുക്കുന്നത് ഗ്യാരണ്ടീ ആയി പ്രഖ്യാപിച്ചു നടക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് പറഞ്ഞ അദ്ദേഹം നടപ്പാക്കാൻ അല്ലല്ലോ പ്രഖ്യാപനങ്ങൾ, കല്ലുമ്മേൽ കല്ലുവെച്ചുള്ള ശീലം അവർക്കില്ലല്ലോ അദ്ദേഹം എന്നും പരിഹസിച്ചു.










0 comments