ജയം പ്രവചിച്ച ജോത്സ്യന് സുപ്രധാന നിയമനം നൽകി വിജയ്; വിമർശനം

രാധന്‍ പണ്ഡിറ്റ് വെട്രിവേൽ, വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജോത്സ്യന് സർക്കാർ നിയമനം നൽകിയ മുഖ്യമന്ത്രി വിജയ്‍യുടെ നടപടിയിൽ വിമർശനം. രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓൺ സ്‍പെഷ്യൽ ഡ്യൂട്ടി (പൊളിറ്റിക്കൽ) ആയി നിയമിച്ചത്. രാഷ്‍ട്രീയക്കാരുടെയും താരങ്ങളുടെയും ജോത്സ്യന്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന രാധന്‍ പണ്ഡിറ്റ് 180 സീറ്റോടെ ടിവികെ അധികാരത്തിലെത്തുമെന്ന് ജനുവരിയിൽ പ്രവചിച്ചിരുന്നു. ഏപ്രിലിൽ ഇത് 150ന് മുകളിൽ സീറ്റോടെ എന്ന് തിരുത്തി.
സർക്കാർ രൂപീകരിക്കാൻ ടിവികെയ്ക്ക് പിന്തുണ നൽകിയ കക്ഷികൾ വിജയ്‍യുടെ നടപടിയിൽ വിമർശനം ഉന്നയിച്ചു. ശാസ്ത്രീയ മനോഭാവം വളർത്തുക എന്നത് സർക്കാരിന്റെ കടമയാണെന്നും, ജോത്സ്യനായ ഒരാളെ സർക്കാർ ചിലവിൽ ഉദ്യോഗസ്ഥനായി നിയമിക്കരുതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി ഷൺമുഖം പറഞ്ഞു. "മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായി പ്രഖ്യാപിക്കപ്പെട്ട രാധന്‍ പണ്ഡിറ്റ് അടിസ്ഥാനപരമായി ഒരു ജ്യോതിഷിയാണ്. ഇങ്ങനെയുള്ള ഒരാളെ സർക്കാർ ചിലവിൽ ഉദ്യോഗസ്ഥനായി നിയമിക്കുന്നത് ജനങ്ങളിൽ ജ്യോതിഷത്തോടുള്ള വിശ്വാസം വർധിപ്പിക്കാനേ സഹായിക്കൂ. സർക്കാരിന്റെ ഈ നിയമനം അംഗീകരിക്കാനാവില്ല. അദ്ദേഹം രാഷ്ട്രീയ ഉപദേശം നൽകുന്നതും സ്വീകാര്യമല്ല."- പി ഷൺമുഖം പറഞ്ഞു.
ഒരു മതേതര സർക്കാരിൽ ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വിജയ് ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും വിസികെ ജനറൽ സെക്രട്ടറി ഡി രവികുമാർ എക്സിൽ പോസ്റ്റ് ചെയ്തു.
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ അടക്കം നിരവധി രാഷ്‍ട്രീയക്കാരുടെയും ജോത്സ്യനാണ് രാധന്‍ പണ്ഡിറ്റ് വെട്രിവേൽ. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത ജയിലിൽ പോകില്ലെന്ന വെട്രിവേലിന്റെ പ്രവചനം തെറ്റിയതോടെ അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു.









0 comments