ഛത്തീസ്ഗഡിൽ ജയിലിലടച്ച കന്യാസ്ത്രീകളെ ഇടതുപക്ഷ പ്രതിനിധി സംഘം സന്ദർശിച്ചു

left delegation visit nuns

ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Jul 30, 2025, 11:30 AM | 1 min read

റായ്പൂർ: ഛത്തീസ്ഗഡിൽ ജയിലിലടച്ച മലയാളി കന്യാസ്ത്രീകളെ ഇടതുപക്ഷ പ്രതിനിധി സംഘം സന്ദർശിച്ചു. രാവിലെ ദുർഗ് സെൻട്രൽ ജയിലിൽ എത്തിയാണ് എംപിമാരുൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ കന്യാസ്ത്രീകളെ കണ്ടത്. മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്, എംപിമാരായ കെ രാധാകൃഷ്ണൻ, എ എ റഹിം, സിപിഐ നേതാവ് ആനി രാജ, എംപി പി പി സുനീർ, കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ജോസ് കെ മാണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ജയിലിലെത്തിയ സംഘത്തെ ജയിൽ അധികൃതർ തടഞ്ഞിരുന്നു. സന്ദർശന സമയം കഴിഞ്ഞെന്നുപറഞ്ഞാണ് അധികൃതർ നേതാക്കളെ മടക്കിയയച്ചത്. ശക്തമായ പ്രതിഷേധത്തിന് ശേഷമാണ് ഇന്ന് കാണാൻ അനുമതി ലഭിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളടക്കമുള്ള കന്യാസ്ത്രീകളെയാണ് ജയിലിലടച്ചിരിക്കുന്നതെന്നും ഇവരെ ഉടന്‍ മോചിപ്പിക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.


സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് നിർബന്ധിത മതപരിവർത്തനം (ഛത്തീസ്‌ഗഡ്‌ മതസ്വാതന്ത്ര്യ നിയമം–നാലാം വകുപ്പ്‌), മനുഷ്യക്കടത്ത്‌ (ഭാരതീയ ന്യായ സംഹിത– 143–-ാം വകുപ്പ്‌), രാജ്യവിരുദ്ധ പ്രവർത്തനം(ബിഎൻഎസ്‌ 152–-ാം വകുപ്പ്‌) തുടങ്ങി ഗുരുതര വുകപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.


മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയും വെള്ളിയാഴ്‌ച പകൽ എട്ടരയോടെ ബജരംഗ്‌ദളുകാർ ട്രെയിനിൽ തടഞ്ഞതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. ടിടിഇ അറിയിച്ചതനുസരിച്ചാണ്‌ ബജ്‌രംഗ്‌ദൾ പ്രവർത്തകർ റെയിൽവെ സ്‌റ്റേഷനിലെത്തി ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും കന്യാസ്‌ത്രീകളെ വിധേയരാക്കിയത്‌. മതപരിവർത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന്‌ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടർന്നു. ബജ്‌രംഗ്‌ദളുകാർ തന്നെയാണ്‌ കന്യാസ്‌ത്രീകളെ പൊലീസ്‌ സ്റ്റേഷനിലെത്തിച്ചത്‌.


കന്യാസ്ത്രീകൾക്കെതിരെ ​10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതി മേരിയെ ഒന്നാംപ്രതിയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെ രണ്ടാം പ്രതിയുമാക്കിയാണ്‌ കേസ്‌. 10 വർഷം വരെ തടവ്‌ ശിക്ഷ ലഭിച്ചേക്കാം. ആദ്യ എഫ്‌ഐആറിൽ പൊലീസ്‌ ‘നിർബന്ധിത മതപരിവർത്തനം’ കുറ്റം ചുമത്തിയിരുന്നില്ല. ബജ്‌രംഗ്‌ദളിന്റെ സമ്മർദത്തെഫലമായി പിന്നീട്‌ ഈ വകുപ്പും രാജ്യവിരുദ്ധ പ്രവർത്തനത്തിനുള്ള 152–-ാം വകുപ്പും ഉൾപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home