നടുറോഡിൽ അഭിഭാഷകനെ വെടിവെച്ചു കൊന്ന് രണ്ടംഗ സംഘം

രാജീവ് സിംഗിനെ വെടിവച്ചു കൊല്ലുന്ന ദൃശ്യം ImageCredit: NDTV
മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിൽ മുതിർന്ന അഭിഭാഷകനായ രാജീവ് സിംഗിനെ (45) ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചു കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. ശനിയാഴ്ച രാവിലെ രാജീവ് സിംഗ് നടക്കാനിറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇദ്ദേഹത്തിനടുത്തേക്ക് വന്നത്.
തുടർന്ന് ബൈക്കിന്റെ പിന്നിലിരുന്നയാൾ താഴെയിറങ്ങി തോക്ക് ഉപയോഗിച്ച് സിംഗിനെ വെടിവെക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി വേഗത്തിൽ ബൈക്കിൽ കയറിയെങ്കിലും വാഹനം സ്റ്റാർട്ടായില്ല. ഓടിക്കൂടിയ നാട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അകറ്റി നിർത്തിക്കൊണ്ട് പ്രതികൾ മിനിറ്റുകളോളം ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബൈക്ക് സ്റ്റാർട്ടാവാത്തത് കുറച്ചുനേരം വലച്ചു. പരിഭ്രാന്തരായ പ്രതികൾ ജനക്കൂട്ടത്തിന് നടുവിൽ പെട്ടുപോയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒടുവിൽ വാഹനം സ്റ്റാർട്ടായതോടെ ഇവർ സ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടു.
മുൻ ഗ്രാമത്തലവൻ കൂടിയായ രാജീവ് സിംഗിന് നേരെ മുൻപും രണ്ട് തവണ വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് അദ്ദേഹം നേരത്തെ പൊലീസിൽ അപേക്ഷ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.










0 comments