ബലാത്സംഗം, ഏറ്റുമുട്ടൽ, ആക്രമണ ഭീതി; ഡൽഹിയിൽ വനിത കോളേജ് ക്ലാസുകൾ ഓൺലൈനാക്കി

ന്യൂഡൽഹി: ഡൽഹിയിൽ 17കാരി ബലാത്സംഗത്തിനിരയായതിന് പിന്നാലെ വനിത കോളേജ് ക്ലാസുകൾ ഓൺലൈനാക്കി. ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ ആണ് ചൊവ്വാഴ്ച മുതലുള്ള ക്ലാസുകൾ ഓൺലനാക്കിയത്. പൊലീസ് ഏറ്റുമുട്ടലിനെ തുടർന്ന് ആക്രമണ ഭീതിയുണ്ടെന്നും വിദ്യാർഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാലാണ് തീരുമാനമെന്നും കോളേജ് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം കൽക്കാജി മന്ദിറിന് സമീപമുള്ള ആസ്ഥ കുഞ്ച് പാർക്കിൽ വെച്ചാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ ആക്രമിച്ചതായാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം പ്രദേശത്തെ സുരക്ഷ സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമിടയിൽ ആശങ്കയ്ക്കിടയാക്കി. കേസിൽ മൂന്ന് പേർ അറസ്റ്റിലായി. പ്രതികളെ ഏറ്റുമുട്ടലിൽ കാലിൽ വെടിവച്ചാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇയാളുടെ കാലിൽ പരിക്കുകളില്ലെന്നും പൊലീസിന്റെ വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.








0 comments