നിർഭയം ശബ്ദമുയർത്തി തടവറയിലേക്ക്‌

Sonam
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2025, 12:00 AM | 2 min read

ന്യൂഡൽഹി: ജനാധിപത്യ അവകാശങ്ങൾക്കായി നിർഭയം ശബ്ദിച്ചതോടെയാണ്‌ സാമൂഹ്യപ്രവർത്തകൻ സോനം വാങ്‌ചുക് മോദിസർക്കാരിന്റെ ശത്രുവായത്‌. വാങ്‌ചുക്കിനെ പാകിസ്ഥാൻ ബന്ധമുള്ള രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാനാണ്‌ മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും ശ്രമം. സംസ്ഥാനപദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയതിന്‌ പുറമെ ലഡാക്കിലെ ധാതുസമ്പത്ത്‌ ചില കോർപ്പറേറ്റ്‌ കമ്പനികൾക്കൊപ്പം കൊള്ളയടിക്കാനുളള കേന്ദ്രസർക്കാർ നീക്കത്തെ എതിർത്തതും വാങ്‌ചുക്കിനെതിരായ കടുത്ത നടപടിക്ക്‌ കാരണമായി.


1966ൽ ലഡാക്കിലെ ഉലെതോക്‌പൊ ഗ്രാമത്തിൽ ജനിച്ച വാങ്‌ചുക്കിനെ വിദ്യാഭ്യാസ പ്രവർത്തകനായും സാമൂഹ്യപ്രവർത്തകനായും മാറ്റിയത്‌ സ്‌കൂൾ പഠനകാലത്തുണ്ടായ ദുരനുഭവങ്ങളാണ്‌. ഗ്രാമത്തിൽ സ്‌കൂളുകൾ ഇല്ലാത്തതിനാൽ ഒമ്പതുവയസ്സു വരെ അമ്മയാണ്‌ വാങ്‌ചുക്കിനെ പഠിപ്പിച്ചത്‌. ലഡാക്കി ഭാഷയിലായിരുന്നു വീട്ടിലുള്ള പഠനം. 1975 ൽ വാങ്‌ചുക്കിന്റെ അച്‌ഛൻ സോനം വാങ്‌യാൽ ജമ്മുകശ്‌മീർ സർക്കാരിൽ മന്ത്രിയായതോടെ കുടുംബം ശ്രീനഗറിലേക്ക്‌ മാറി. ശ്രീനഗറിലെ സ്‌കൂളിൽ ചേർന്ന വാങ്‌ചുക്കിന്‌ ഇംഗ്ലീഷോ ഹിന്ദിയോ വശമില്ലാത്തതിനാൽ ബുദ്ധിമുട്ടുകൾ നേരിട്ടു. ഇതോടെ ശ്രീനഗറിലെ പഠനം മടുത്തു. 12–ാം വയസ്സിൽ ഡൽഹിയിലെത്തി കേന്ദ്രീയ വിദ്യാലയത്തിൽ ചേർന്നു. സ്‌കൂൾ പഠനത്തിന്‌ ശേഷം ശ്രീനഗർ റീജിയണൽ എഞ്ചിനീയറിങ്‌ കോളേജിൽ നിന്ന്‌ മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടി.


കുട്ടിക്കാലത്തെ പഠനാനുഭവങ്ങൾ ലഡാക്കിൽ ബദൽ വിദ്യാഭ്യാസ സ‍ൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിലേക്ക്‌ വാങ്‌ചുക്കിനെ നയിച്ചു. സഹോദരങ്ങളും സുഹൃത്തുക്കളുമായി ചേർന്ന്‌ സ്‌റ്റുഡന്റ്‌സ്‌ എഡ്യുക്കേഷണൽ ആൻഡ്‌ കൾച്ചറൽ മൂവ്‌മെന്റ്‌ ഓഫ്‌ ലഡാക്കിന്‌ (സെക്‌മോൾ) രൂപം നൽകി. പിന്നീട്‌ പരിസ്ഥിതിപ്രവർത്തനങ്ങളിലേക്കും കടന്നു. ലഡാക്കിലെ ജലക്ഷാമം പരിഹരിക്കാൻ ‘മഞ്ഞുസ്‌തൂപ’ങ്ങൾക്ക്‌ (കൃത്രിമ ഹിമാനികൾ) രൂപം നൽകി. പരിസ്ഥിതിദുർബല മേഖലയെ സംരക്ഷിക്കാനും പ്രവർത്തിച്ചു. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര– സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച്‌ പ്രവർത്തിച്ചു.


2019 ൽ ജമ്മു–കശ്‌മീരിനെ വിഭജിച്ച ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയപ്പോൾ വാങ്‌ചുക്ക്‌ സ്വാഗതം ചെയ്‌തു. മോദിയെ പ്രകീർത്തിച്ചു. എന്നാൽ കേന്ദ്രത്തിന്റേത്‌ അടിച്ചമർത്തൽ ഭരണമാണെന്ന്‌ തിരിച്ചറിഞ്ഞതോടെ നിലപാട്‌ മാറ്റി. സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ നായകത്വം ഏറ്റെടുത്തു. ഇതോടെയാണ്‌ മോദി സർക്കാർ വേട്ടയാടാൻ തുടങ്ങിയത്‌.


അറസ്റ്റിൽ വ്യാപക പ്രതിഷേധം


സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ അറസ്റ്റുചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധം. അറസ്റ്റിനെ ശക്തമായി അപലപിക്കുന്നതായി കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ അറിയിച്ചു. ലഡാക്‌ ജനതയുടെ അഭിലാഷങ്ങളോടുള്ള വഞ്ചനയാണ്‌ പ്രതിഷേധങ്ങളുടെ കാതലെന്ന്‌ അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വേട്ടയാടൽ അജൻഡയുടെ ഭാഗമാണ്‌ അറസ്റ്റെന്ന്‌ സിപിഐ എംഎൽ ലിബറേഷൻ പറഞ്ഞു. വളരെ നിർഭാഗ്യകരം എന്നായിരുന്നു അറസ്റ്റിൽ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയുടെ പ്രതികരണം. അറസ്റ്റ്‌ വലിയ രീതിയിൽ അസ്വസ്ഥമാക്കുന്നുവെന്ന്‌ മുൻ മുഖ്യമന്ത്രി മെഹബ‍‍ൂബ മുഫ്‌തിയും പ്രതികരിച്ചു. ആർജെഡി‍, എഎപി, തൃണമ‍ൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികളും നിരവധി പരിസ്ഥിതി പ്രവർത്തകരും അറസ്റ്റിൽ പ്രതിഷേധമറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home