പുകഞ്ഞത് ജീവൽപ്രശ്നങ്ങൾ ; വാങ്ചുക് അടക്കം അറസ്റ്റിലായവരെ വിട്ടയക്കാതെ ചർച്ചയ്‌ക്കില്ലെന്ന് പ്രഖ്യാപനം
കേന്ദ്രത്തിന് തിരിച്ചടി ; ലഡാക്കില്‍ കെഡിഎയും ചർച്ചയിൽനിന്ന് പിൻമാറി

ന്യൂഡൽഹി
കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയ ലഡാക്കിലെ വാഗ്‌ദാന ലംഘനങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. സോനം വാങ്ചുക്കിനെയും അറസ്റ്റിലായ മറ്റുള്ളവരെയും നിരുപാധികം വിട്ടയക്കാതെ ചർച്ചയ്‌ക്ക് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) പ്രഖ്യാപിച്ചു. ലേ അപെക്‌സ് ബോഡി (എൽഎബി) ചർച്ച ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് കെഡിഎയും പിന്മാറിയത്. പ്രധാന സംഘടനകൾ ഒറ്റക്കെട്ടായി പ്രതിരോധം ശക്തമാക്കിയതോടെ പ്രതിഷേധങ്ങളെ അവഗണിക്കാനും ചർച്ച വഴിതിരിച്ചുവിടാനുമുള്ള ശ്രമം പാളി. ഇതോടെ, സർക്കാർ പിടിവാശി അവസാനിപ്പിക്കാതെ ലഡാക്കിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടില്ലെന്നു വ്യക്തമായി.
ഒക്‌ടോബർ ആറിനാണ് ആഭ്യന്തരമന്ത്രാലയവും ലഡാക്കിലെ പ്രധാനസംഘടനകളുടെ പ്രതിനിധികളുമായി യോഗം തീരുമാനിച്ചിരുന്നത്. പൊലീസ് വെടിവയ്‌പ്പിൽ നാല് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെഡിഎ ആവശ്യപ്പെട്ടു. സമാധാനപൂർവം പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചതിനെ കെഡിഎ കോ–ചെയർപേഴ്‌സൺ അസ്‌കർ അലി കർബലായ് ശക്തമായി അപലപിച്ചു. ‘രാജ്യസ്‌നേഹികളാണെന്ന സർട്ടിഫിക്കറ്റ് ആരുടെ പക്കൽനിന്നും ഞങ്ങൾക്ക് ആവശ്യമില്ല. ലഡാക്കികൾ രാജ്യദ്രോഹികളാണെന്ന കുപ്രചരണത്തിൽ ഏർപ്പെട്ടവർ എത്രയും പെട്ടെന്ന് അതവസാനിപ്പിക്കണം’–കർബലായ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സോനം വാങ്‌ചുക് ഉൾപ്പടെയുള്ളവർക്ക് പാക് ബന്ധമുണ്ടെന്നും രാജ്യദ്രോഹികളാണെന്നുമുള്ള പ്രചാരണമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും നേതൃത്വത്തിൽ നടത്തിയത്. ലഡാക്കിൽ സാധാരണനില പുനഃസ്ഥാപിക്കപ്പെടാതെ അനുരഞ്ജനചർച്ചകൾ നടത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് എൽഎബിയുടെയും കെഡിഎയുടെയും നിലപാട്.
വെടിവച്ചില്ലായിരുന്നെങ്കിൽ ലഡാക് കത്തുമായിരുന്നെന്ന് പറഞ്ഞ ലഫ്‌റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്‌ത പൊലീസുകാരെ പരോക്ഷമായി ന്യായീകരിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ, സർക്കാരുമായുള്ള ചർച്ചയ്‌ക്ക് പ്രസക്തിയില്ലെന്നാണ് സംഘടനകളുടെ നിലപാട്. എന്നാൽ ഏതവസരത്തിലും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.
പുകഞ്ഞത് ജീവൽപ്രശ്നങ്ങൾ
ന്യൂഡൽഹി
ലഡാക്കിലെ പ്രശ്‌നങ്ങൾക്ക് പിന്നിൽ രാജ്യദ്രോഹികളാണെന്ന് കേന്ദ്രസർക്കാർ ആരോപിക്കുന്പോൾ തൊഴിലില്ലായ്‌മ ഉൾപ്പടെയുള്ള നീറുന്ന പ്രതിസന്ധികൾ കുപ്രചാരണത്തെ പൊളിക്കുന്നു. അനുരഞ്ജന ചർച്ചകളിലൂടെയും പരിഹാര നടപടികളിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്.
ലഡാക്കിലെ തൊഴിലില്ലായ്‌മയുടെ വ്യാപ്‌തി മനസ്സിലാക്കാൻ ലേ ഒട്ടോണമസ് ഹിൽ ഡെവലപ്പ്‌മെന്റ് അടുത്തകാലത്ത് വിവിധ വകുപ്പുകളിലേക്ക് നിയമനത്തിന് അപേക്ഷകരുടെ എണ്ണം നോക്കിയാൽ മതി. ആകെ 534 തസ്‌തികകളിലേക്കായി 60,000ത്തിലേറെ അപേക്ഷ. ലഡാക്കിലെ മൊത്തം ജനസംഖ്യ മൂന്നുലക്ഷമാത്രം. 2022ൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ 797 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ 30,000ത്തിലേറെ ലഡാക്കികൾ അപേക്ഷിച്ചു.
2019ൽ മോദി സർക്കാർ ജമ്മു കശ്‌മീരും ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുന്നതിന് മുന്പ് ലഡാക്കിലെ യുവതീയുവാക്കൾക്ക് ജമ്മു കശ്‌മീർ പിഎസ്‌സി നടത്തുന്ന പരീക്ഷകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. പട്ടികവർഗ ക്വോട്ടയിൽ ഒരോ വർഷവും നിരവധിപേർക്ക് ജോലി ലഭിച്ചു.
എന്നാൽ, ജമ്മു കശ്‌മീർ മറ്റൊരു കേന്ദ്രഭരണപ്രദേശമാക്കിയതോടെ ആ വഴിയടഞ്ഞു. 2023ൽ കേന്ദ്രസർക്കാർ രാജ്യസഭയിൽ നൽകിയ മറുപടി പ്രകാരം ലഡാക്കിൽ 22.98 ശതമാനം ബിരുദധാരികളും തൊഴിൽരഹിതരാണ്.
എന്നാൽ, 2022–23ൽ ബിരുദധാരികളായ തൊഴിൽരഹിതരുടെ എണ്ണം 26.5 ശതമാനമായി വർധിച്ചു. ലഡാക്കിനുവേണ്ടി പ്രത്യേക പിഎസ്‌സി സ്ഥാപിക്കണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ദീർഘകാലമായി ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്രം ചെവികൊണ്ടിട്ടില്ല.









0 comments