തെലങ്കാനയിൽ മുതിർന്ന സിപിഐ എം നേതാവിനെ കൊലപ്പെടുത്തി; അന്വേഷണം ഊർജിതം

ഖമ്മം: തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവിനെ കോൺഗ്രസ് ഗുണ്ടാസംഘം കൊലപ്പെടുത്തി. ഖമ്മം ജില്ലയിലെ മധിര നിയോജക മണ്ഡലത്തിലാണ് സംഭവം. തെലങ്കാന റൈത്തു സംഗം സംസ്ഥാന ജനറൽ സെക്രട്ടറിയും 30 വർഷത്തോളം പട്ടർലപ്പാട് ഗ്രാമത്തിലെ സർപഞ്ചുമായിരുന്ന സമിനേനി രാമറാവുവിനെയാണ് (70) വീടിനുള്ളിൽ വെച്ച് സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്.
പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭയം കാരണം കോൺഗ്രസിന്റെ ഗുണ്ടാ സംഘമാണ് കൊലപാതകം നടത്തിയതെന്ന് സിപിഐ എം നേതൃത്വം ആരോപിച്ചു. സംഭവത്തിൽ പങ്കെടുത്ത മൂന്ന് പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ചിന്തകാനി മണ്ഡലത്തിലെ പട്ടർലപ്പാട് ഗ്രാമത്തിലെ വസതിയിൽ വെച്ചാണ് സമിനേനി രാമറാവുവിനെ അക്രമികൾ കത്തി ഉപയോഗിച്ച് കുത്തിയും കഴുത്തറുത്തും അതിക്രൂരമായി കൊലപ്പെടുത്തിയത്.
ചോരയിൽ കുളിച്ച നിലയിൽ അദ്ദേഹത്തെ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളയുകയായിരുന്നു. സംഭവം അറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സിപിഐ എം പ്രവർത്തകർ ഗ്രാമത്തിലെത്തിയതോടെ കനത്ത സംഘർഷമുണ്ടായി. പൊലീസ് കമ്മീഷണർ സുനിൽ ദത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സമിനേനി രാമറാവുവിന്റെ കൊലപാതകത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി ജോൺ വെസ്‌ലി, കേന്ദ്ര കമ്മിറ്റി അംഗം തമ്മിനേനി വീരഭദ്ര റാവു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പോതിനേനി സുദർശൻ റാവു എന്നിവർ ശക്തമായി അപലപിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാമറാവുവിന്റെ കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സിപിഐ എം നേതാക്കൾ ആവശ്യപ്പെട്ടു.









0 comments