ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിശീർഷ ഫണ്ട് വിനിയോഗം; കേരളം ഏറ്റവും മുന്നിൽ- നിതി ആയോഗ് റിപ്പോർട്ട്

PHOTO: NITI Aayog
ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിശീർഷ ഫണ്ട് വിനിയോഗത്തിൽ കേരളം രാജ്യത്ത് ഏറ്റവും മുന്നിലാണെന്ന് ‘നിതി ആയോഗ്’ റിപ്പോർട്ട്. 18-23 പ്രായപരിധിയിലുള്ളവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കാൻ പണം ചെലവിടുന്നതിലാണ് കേരളം മുന്നിൽ തുടരുന്നത്. സംസ്ഥാനം 2020-21ൽ 4,225 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ ചെലവഴിച്ചത്. വിദ്യാഭ്യാസമേഖലയ്‌ക്കുള്ള വിഹിതത്തിന്റെ 15 ശതമാനത്തിൽ കൂടുതലാണിത്.
കേന്ദ്രബജറ്റിൽ വിദ്യാഭ്യാസമേഖലയുടെ വിഹിതം മൂന്ന് ശതമാനത്തിൽ താഴെയാണ്. കേരളം സംസ്ഥാന ജിഡിപിയുടെ 3.46 ശതമാനം വിദ്യാഭ്യാസ മേഖലയിൽ ചെലവിടുന്നു. 0.53 ശതമാനം ഉന്നതവിദ്യാഭ്യാസമേഖലയ്‌ക്ക് മാത്രമായി വിനിയോഗിക്കുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആൺ-പെൺ അനുപാതത്തിൽ, 1.44 എന്ന നിരക്കിൽ കേരളം ഇന്ത്യയിൽ ഏറ്റവും മുന്നിലാണ്. നിതി ആയോഗിന്റെ ‘ എക്‌സ്‌പാൻഡിങ് ക്വാളിറ്റി ഹയർ എഡ്യൂക്കേഷൻ ത്രൂ സ്‌റ്റേറ്റ്‌സ് ആൻഡ് സ്‌റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റീസ്’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
അതേസമയം ഭൂരിപക്ഷം സംസ്ഥാനങ്ങളും ഉന്നതവിദ്യാഭ്യാസമേഖലയിൽ ചെലവഴിക്കുന്ന വിഹിതം വെട്ടിക്കുറച്ചതായും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ശരാശരി എടുത്താൽ 2010-15ൽ വിദ്യാഭ്യാസ മേഖല ഫണ്ട് വിനിയോഗത്തിന്റെ 10 ശതമാനം ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉപയോഗിച്ചിരുന്നെങ്കിൽ 2015-20ൽ ഇത് 6.6 ശതമാനമായി ഇടിഞ്ഞു.
കേരളം, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ആളോഹരി ഫണ്ട് വിനിയോഗത്തിൽ മുന്നിൽ നിൽക്കുമ്പോൾ രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങൾ ഏറ്റവും പിന്നിലാണ്.









0 comments