വിജയ് എത്താൻ വൈകിയതും അനിയന്ത്രിത ആള്‍ക്കൂട്ടവും ദുരന്തത്തിലേക്ക് നയിച്ചു
വരുത്തിവച്ച ദുരന്തം ; സംഘാടനത്തിൽ വൻ വീഴ്‌ച , ടിവികെയുടെ മൂന്നു നേതാക്കൾക്കെതിരെ കേസ

കരൂർ ദുരന്തത്തിൽ മരിച്ച വൃന്ദയുടെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന ഭർത്താവ് സുദൻ. മുമ്പുണ്ടായ അപകടത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന സുദന്റെ പക്കൽ രണ്ട് വയസ്സുള്ള മകളെ ഏൽപ്പിച്ചാണ് വൃന്ദ വിജയ്-യെ കാണാൻ പോയത് ഫോട്ടോ: ശരത് കൽപ്പാത്തി

സി വി രാജീവ്
Published on Sep 29, 2025, 03:18 AM | 2 min read
കരൂർ
തമിഴ്‌നാട് കരൂർ വേലുച്ചാമിപുരത്ത് തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്‍യുടെ രാഷ്ട്രീയ റാലിയിലെ ആള്‍ക്കൂട്ടദുരന്തത്തിന് വഴിവച്ചത് സംഘാടകരുടെ പിഴവും പിടിപ്പുകേടുമെന്ന് പൊലീസ്. നടൻ എത്താൻ മണിക്കൂറുകള്‍ വൈകിയതും അനുവദിച്ചതിലും അധികമായെത്തിയ അനിയന്ത്രിതമായ ആള്‍ക്കൂട്ടവും അപകടത്തിലേക്ക് നയിച്ചു. 40 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ ടിവികെയിലെ രണ്ടാമനും വിജയ്‍യുടെ വിശ്വസ്തനുമായ ജനറൽ സെക്രട്ടറി എൻ ആനന്ദ് അടക്കം മൂന്ന് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തിൽ വിജയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യൽ കമീഷൻ അന്വേഷണം തുടങ്ങി. ഞായറാഴ്‌ച സ്ഥലം സന്ദർശിച്ച് റിട്ട. ജസ്‌റ്റിസ് അരുണ ജഗദീശൻ തെളിവെടുത്തു.
കരൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം 40 മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരിച്ചവരിൽ 17 സ്‌ത്രീകളും 13 പുരുഷന്മാരും 10 കുട്ടികളുമാണ്.
പതിനായിരംപേരെ പങ്കെടുപ്പിച്ചുള്ള റാലിക്കാണ് അനുമതി തേടിയത്. 5,000 പേരെ ഉൾക്കൊള്ളാവുന്നിടത്ത് എത്തിയത് 30,000 പേർ. ശനി രാവിലെ എട്ടുമുതലേ ജനം എത്തിത്തുടങ്ങി. നിബന്ധനകളോടെ വേലുച്ചാമിപുരത്ത് പകൽ 3.30ന് പരിപാടി നടത്താനാണ് കോടതി അനുമതി നൽകിയത്. എന്നാൽ വിജയ് പകൽ 12ന് എത്തുമെന്ന് ടിവികെ നേതാക്കൾ ആളുകളെ ധരിപ്പിച്ചു. എത്തിയതാകട്ടെ രാത്രി ഏഴിന്. അതിനുമുമ്പുള്ള നാമക്കല്ലിലെ റാലിക്ക് രാവിലെ 8.30ന് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വിജയ് ചെന്നൈയിൽനിന്ന് പുറപ്പെട്ടതുതന്നെ രാവിലെ 8.30നാണ്. മൻമംഗലം, പരമണിവേളൂർ എന്നിവിടങ്ങളിലും റോഡ് ഷോയുണ്ടായിരുന്നു.
വേലുച്ചാമിപുരത്ത് രാവിലെതന്നെ കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചിരുന്നതിനാൽ വെള്ളംപോലും കിട്ടിയില്ല. ചൂടുകാരണം ആളുകൾ തളർന്നുവീണുതുടങ്ങി. റാലിയുടെ അകന്പടി വാഹനങ്ങൾ വന്നപ്പോഴുണ്ടായ തിരക്കിൽപ്പെട്ട് ഓടയിൽ വീണും ചവിട്ടേറ്റും നിരവധിപേർക്ക് പരിക്കുപറ്റി. ജനക്കൂട്ടത്തിനിടയിൽനിന്ന് നിലവിളി ഉയർന്നു. അതുകേട്ട് നടൻ ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പി എറിഞ്ഞുകൊടുത്തപ്പോഴുണ്ടായ തിക്കുംതിരക്കും വിനയായി.
റാലിക്കായി 23നാണ് അപേക്ഷ നൽകിയതെന്ന് എഡിജിപി ഡേവിസൺ ദേവാശിർവാദം വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കരൂർ ലൈറ്റ് ഹൗസ് മൈതാനത്ത് നടത്തണമെന്നായിരുന്നു ആവശ്യം. പെട്രോൾ പന്പ് സമീപമുള്ളതിനാൽ നിരസിച്ചു. ആളുകൾ പോസ്‌റ്റിലും ട്രാൻസ്‌ഫോർമറിലും മരച്ചില്ലകളിലും കയറിയതോടെ സംഘാടകർ ആവശ്യപ്പെട്ടിട്ടാണ് വൈദ്യുതി വിച്ഛേദിച്ചത്. അല്ലായിരുന്നെങ്കിൽ മരണസംഖ്യ കൂടിയേനെ –എഡിജിപി പറഞ്ഞു.
കരൂർ റൗണ്ടിൽ വേലുച്ചാമിപുരത്തേക്കുള്ള 200 മീറ്റർ താണ്ടാൻ ഒരുമണിക്കൂറെടുത്തു. ഇതിനിടെ വിജയ് 10 മിനിറ്റ് തുറന്ന ബസിനകത്തിരുന്നു. നടനെ കാണാൻ ഇരുഭാഗത്തുനിന്നും ആളുകൾ തിക്കിത്തിരക്കിയതോടെ സ്ഥിതി നിയന്ത്രണംവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കെ ബാലകൃഷ്‌ണൻ, ആർ സച്ചിതാനന്ദം എംപി എന്നിവർ ആശുപത്രിയിലെത്തി. ടിവികെയുടെ റാലി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഞായറാഴ്ച അടിയന്തരമായി കേള്‍ക്കാൻ ഹൈക്കോടതി തീരുമാനിച്ചെങ്കിലും പിന്നീട് റദ്ദാക്കി. വിജയ് തിങ്കളാഴ്‌ച കരൂരിൽ മരച്ചവരുടെ വീടുകൾ സന്ദർശിക്കുമെന്ന് അറിയിച്ചു.










0 comments